ഡൽഹി: സൈനിക ഉദ്യോഗസ്ഥനായി ചമഞ്ഞ് സൗഹൃദം സ്ഥാപിച്ച് വനിത ഡോക്ടറെ പീഡിപ്പിച്ച ആമസോൺ ഡെലിവറി ബോയ് അറസ്റ്റിൽ. ഡൽഹി സ്വദേശിയായ ആരവ്(27) ആണ് അറസ്റ്റിലായത്. ഡോക്ടറെ കാണാനെത്തിയ ഇയാൾ ഭക്ഷണത്തിൽ ലഹരിമരുന്ന് കലർത്തി നൽകി ബോധരഹിതയാക്കി പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ യുവതി പോലീസിൽ പരാതി നൽകി.
അതേസമയം ഇൻസ്റ്റഗ്രാം വഴിയാണ് പ്രതിയുമായി ഡോക്ടർ ബന്ധം സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു. സൈന്യത്തിൽ ലെഫ്റ്റനന്റ് ആണെന്നാണ് പ്രതി സ്വയം പരിചയപ്പെടുത്തിയത്. ജമ്മു കശ്മീരിലാണ് ജോലി എന്ന് പറഞ്ഞുകൊണ്ട് സൈനിക വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങളും ഇയാൾ അയച്ച് നൽകി. ഇതിനിടെ ഇരുവരും മൊബൈൽ നമ്പർ കൈമാറുകയും ഫോൺ കോളുകൾ വഴി സംസാരിക്കുകയുമായിരുന്നു.
ഒക്ടോബറിന്റെ തുടക്കത്തിൽ ഡോക്ടറെ വിളിച്ച ഇയാൾ താൻ ഡൽഹിയിൽ വരുന്നുണ്ടെന്നും നേരിൽ കാണാമെന്നും അറിയിച്ചു. ഇതേതുടർന്ന് ഡോക്ടറുടെ വീട്ടിലെത്തിയ ഇയാൾ ഭക്ഷണത്തിൽ ലഹരി മരുന്ന് കലർത്തി അവരെ ബോധരഹിതയാക്കി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടർന്ന് വനിത ഡോക്ടർ നൽകിയ പരാതിയിൽ ദിവസങ്ങളോളം നീണ്ട തിരച്ചിലിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.
















































