ഹൈദരാബാദ്: തെലങ്കാനയിൽ പോലീസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ ഏറ്റുമുട്ടലില്‍ വധിച്ച് തെലങ്കാന പോലീസ്. ഷെയ്ഖ് റിയാസ് എന്നയാളെയാണ് കൊലപ്പെടുത്തിയത്. പോലീസ് ഉദ്യോഗസ്ഥനായ പ്രമോദ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. പോലീസ് നടപടിക്കിടെയാണ് റിയാസ് മരിച്ചതെന്ന് ഡിജിപി ശിവധര്‍ റെഡ്ഢി സ്ഥിരീകരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച നിസാമാദ് സര്‍ക്കാര്‍ ആശുപത്രിയില്‍വെച്ചാണ് സംഭവം. ശനിയാഴ്ച നിസാമാബാദ് പോലീസ് സ്‌റ്റേഷനിലേക്ക് റിയാസിനെ കൊണ്ടുപോകുന്നതിനിടെയാണ് പ്രമോദ് കുമാര്‍ (42) കുത്തേറ്റ് മരിച്ചത്.ഉടന്‍തന്നെ ഡിജിപി ശിവധര്‍ റെഡ്ഢി, റിയാസിനെ കണ്ടെത്താനായി തിരച്ചില്‍ ഊര്‍ജിതമാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടു. കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ തയ്യാറാക്കിയ അദ്ദേഹം, വിവരം നല്‍കുന്നവര്‍ക്ക് അരലക്ഷംരൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.
ഞായറാഴ്ച രാവിലെയാണ് റിയാസിനെ പോലീസ് പിടികൂടിയത്. നിസാമാബാദിലെ സാരംഗപുര്‍ സ്വദേശിയായ ആസിഫ് എന്നയാളെ ആക്രമിക്കുന്നതിനിടെയാണ് പിടിയിലായത്. തിങ്കളാഴ്ച നിസാമാബാദ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവേ, റിയാസ് വീണ്ടും പോലീസുകാരനെ ആക്രമിക്കാന്‍ തുനിഞ്ഞു. തര്‍ക്കത്തിനിടെ ഒരു പോലീസുകാരനില്‍നിന്ന് തോക്ക് കൈക്കലാക്കിയ പ്രതി, അതുപയോഗിച്ച് വെടിവെയ്ക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് ഉടനടി പ്രതികരിക്കുകയും ഏറ്റുമുട്ടലിനിടെ റിയാസ് കൊല്ലപ്പെടുകയുമായിരുന്നു.
പോലീസ് നടപടിക്കിടെ റിയാസ് കൊല്ലപ്പെട്ടെന്നും ക്രമസമാധാനം നിലനിര്‍ത്താനും കൊടുംകുറ്റവാളികളെ അടിച്ചമര്‍ത്താനും തെലങ്കാന പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും ഡിജിപി ശിവധര്‍ റെഡ്ഢി പറഞ്ഞു. കൃത്യനിര്‍വഹണത്തിനിടെ കൊല്ലപ്പെട്ട കോണ്‍സ്റ്റബിളിന് അദ്ദേഹം അനുശോചനമറിയിക്കുകയും ചെയ്തു.