തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയിൽ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി കൈവശപ്പെടുത്തിയത് രണ്ട് കിലോ സ്വർണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാൻഡ് റിപ്പോർട്ട്. കൈവശപ്പെടുത്തിയ സ്വർണം വീണ്ടെടുക്കാൻ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം കോടതിൽ ഹാജരാക്കിയ പോറ്റിയെ ഈ മാസം 30 വരെ എസ്‌ഐടി കസ്റ്റഡിയിൽ വാങ്ങി. റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് കസ്റ്റഡിയിൽ വിട്ടത്.
രഹസ്യമായായിരുന്നു കോടതി നടപടികൾ. മജിസ്ട്രേറ്റ്, പ്രതി, പ്രോസിക്യൂഷൻ, പ്രതിഭാഗം അഭിഭാഷകൻ, അന്വേഷണ ഉദ്യോഗസ്ഥർ, കോടതിയിലെ പ്രധാന ജീവനക്കാർ എന്നിവർ മാത്രമാണ് കോടതിക്ക് അകത്തുണ്ടായത്. അഭിഭാഷകനായ ലെവിൻ തോമസാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. മാധ്യമ പ്രവർത്തകരോട് പുറത്തിറങ്ങാൻ നിർദേശമുണ്ടായിരുന്നു. മറ്റ് കേസുകളുമായി ബന്ധപ്പെട്ട് എത്തിയവരേയും കോടതിയിൽ നിന്ന് മാറ്റിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമായിരുന്നു തീരുമാനം.അതേസമയം അതിനിടെ കോടതിയിൽ നിന്നും പുറത്തിറക്കവെ ഉണ്ണികൃഷ്ണൻപോറ്റിക്ക് നേരെ ചെരിപ്പേറുണ്ടായി. ബിജെപി ഭാരവാഹിയായ സിനു എസ് പണിക്കരാണ് ചെരുപ്പെറിഞ്ഞത്.
റിമാൻഡ് റിപ്പോർട്ടിൽ പറയുന്നതു പ്രകാരം ദ്വാരപാല ശിൽപങ്ങളിലും കട്ടിളപ്പാളികളിലും ഘടിപ്പിച്ച ഉദ്ദേശം 2 കിലോ ഗ്രാം തൂക്കം വരുന്ന സ്വർണം പതിച്ച ചെമ്പ് തകിടുകൾ അറ്റകുറ്റപ്പണിക്കെന്ന പേരിൽ വിശ്വാസ വഞ്ചന ചെയ്ത് കൊണ്ടുപോയി. നിയമപരമായ ഉത്തരവുകളും നടപടി ക്രമങ്ങളും ലംഘിച്ച് സ്വർണം കൈക്കലാക്കി ബെംഗളൂരുവിലും ഹൈദരാബാദിലും തുടർന്ന് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലും എത്തിച്ചു.
ശേഷം 394 ഗ്രാം സ്വർണം മാത്രം പൂശിയ ശേഷം ബാക്കി സ്വർണം കൈക്കലാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡിന് അന്യായ നഷ്ടം വരുത്തിയെന്നും റിപ്പോർട്ടിലുണ്ട്. മാത്രമല്ല ദ്വാരപാലകശിൽപങ്ങളും പാളികളും തകിടുകളും ചെന്നൈയിലും ബെംഗളൂരുവിലും കേരളത്തിലുമുള്ള പല വീടുകളിലും ക്ഷേത്രങ്ങളിയും യാതൊരു സുരക്ഷയുമില്ലാതെ എത്തിച്ച് പൂജ നടത്തിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.