കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദം പറഞ്ഞുഒ ത്തുതീർപ്പാക്കിയ കാര്യമാണെന്നും വിദ്യാഭ്യാസ മന്ത്രി നിലപാട് തിരുത്തണമെന്നും സ്‌കൂൾ അധികൃതർ. ഡിഡിഇ ഓഫീസിൽനിന്നുള്ള റിപ്പോർട്ട് സത്യ വിരുദ്ധമാണെന്ന് പ്രിൻസിപ്പൽ പറയുന്നു. തെളിവോടുകൂടി ഇക്കാര്യത്തിൽ സർക്കാരിന് മറുപടി നൽകിയിട്ടുണ്ട്. കുട്ടിയെ പുറത്താക്കിയിട്ടില്ല. ഇപ്പോഴും കുട്ടി ഈ സ്‌കൂളിലെ വിദ്യാർത്ഥിയാണ്. നിരവധി മുസ്‌ലിം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. അവരെല്ലാം സ്കൂളിൻറേതായ സമാനനിർദേശങ്ങളാണ് പാലിക്കുന്നത്. കുട്ടിയുടെ പിതാവിനെ ഉടൻ കാണും. ഇവിടെ കുട്ടികളെല്ലാം തുല്യരാണെന്നും പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന പറഞ്ഞു.
അതേസമയം സ്‌കൂൾ മാനേജ്‌മെന്റും വിദ്യാർത്ഥിയുടെ രക്ഷിതാക്കളും തമ്മിൽ ഒത്തുതീർപ്പിലെത്തിയ വിഷയത്തിലാണ് വിദ്യാഭ്യാസ മന്ത്രി നടപടി എടുത്തിരിക്കുന്നതെന്ന് സ്‌കൂൾ അഭിഭാഷക പറഞ്ഞു. ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള വിഷയം എങ്ങനെ മനോഹരമായി സമാവായത്തിലെത്തിക്കാമോ അത്തരത്തിലാണ് സ്‌കൂൾ മാനേജ്‌മെന്റ് ഇതിനെ കൈകാര്യം ചെയ്തത്. കുഞ്ഞിനെ സ്‌കൂളിൽ നിന്ന് മാറ്റാൻ താല്പര്യമില്ലെന്നും തുടർപഠനം ഇവിടെതന്നെ മതിയെന്നും രക്ഷിതാവ് പറഞ്ഞിരുന്നു. തന്റെ മകളുടെ പേരു പറഞ്ഞ് വർഗീയ ആളിക്കത്തിക്കുന്നതിനോട് താല്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞതിന് പിന്നാലെ ഇന്ന് രാവിലെയാണ് സ്‌കൂളിന് നോട്ടീസ് പോലും വകുപ്പിൽനിന്ന് ലഭിച്ചത്. വിദ്യാഭ്യാസമന്ത്രി കാര്യങ്ങളെ യാതൊരു രീതിയിലും പഠിച്ചിട്ടില്ല എന്നത് നോട്ടീസിൽനിന്ന് വ്യക്തമാണെന്നും അഭിഭാഷക പറഞ്ഞു.
ആ കുട്ടിയെ സ്‌കൂളിൽനിന്ന് പറഞ്ഞുവിട്ടിട്ടില്ല. ഹിജാബ് ധരിച്ച് കുട്ടി സ്‌കൂളിലെ പരിപാടികളിൽ പങ്കെടുത്തതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം മാനേജ്‌മെന്റിന്റെ കയ്യിലുണ്ട്. ഇതൊന്നും വിദ്യാഭ്യാസമന്ത്രിയോ, വകുപ്പോ കണ്ടിട്ടില്ല. അത് ഇന്നു കിട്ടിയ നോട്ടീസിൽനിന്ന് വ്യക്തമാണ്. കോടതിയുടെ നിയമപ്രകാരം മാത്രമേ സ്‌കൂൾ മുന്നോട്ടു പോകുകയുള്ളൂ. പറഞ്ഞ പ്രസ്താവന മന്ത്രി തിരുത്തണം. വസ്തുതാവിരുദ്ധമായ റിപ്പോർട്ട് പ്രകാരമുള്ള നിർദേശത്തിനെതിരെ കോടതിയെ സമീപിക്കും. യൂണിഫോം നിശ്ചയിക്കുന്നത് സ്‌കൂളുകളുടെ അധികാരമാണെന്നും അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു. സ്‌കൂളിന് യൂണിഫോം കോഡ് ഉണ്ട്. അത് കുട്ടികളുടെ തുല്യത ഉറപ്പുവരുത്തുന്നതാണ്. ഇതിന്റെ പേരിൽ കുട്ടിയെ യാതൊരു തരത്തിലും വേദനിപ്പിച്ചിട്ടില്ലെന്നും അഭിഭാഷക വ്യക്തമാക്കി.