കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയ്ക്ക് മർദനമേറ്റിട്ടില്ലെന്ന വാദം പൊളിഞ്ഞതോടെ ഇറക്കിയ താടി, മുടി ആരോപണവും പൊളിയുന്നു. ഷാഫിയുടെ മൂക്കിനു സംഭവിച്ച പൊട്ടൽ വെറും തള്ളാണെന്ന തരത്തിലുള്ള വാദം സമൂഹമാധ്യമങ്ങളിലൂടെ സിപിഎമ്മിന്റേയും ഡിവൈഎഫ്ഐയുടേയും സൈബർ നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പടച്ചുവിടുന്നതിനിടെ ഇതിനു പത്രം ഓൺലൈനിലൂടെ വിശദീകരണം നൽകിയിരിക്കുകയാണ് ഷാഫിയുടെ ശസ്ത്രക്രിയ നടത്തിയ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ സീനിയർ ഇഎൻടി ഡോക്ടർമാർ.
ഡോക്ടർമാരുടെ വിശദീകരണം ഇങ്ങനെ-
പോലീസ് ആക്രമണത്തിൽ ഷാഫിയുടെ മൂക്കിന് മൂന്നു പൊട്ടലാണ് സംഭവിച്ചത്. മൂക്കിന്റെ ബോണിന് പൊട്ടൽ സംഭവിച്ചിട്ടുണ്ട്, അതുപോലെ മൂക്കിന്റെ പാലത്തിലും പൊട്ടൽ സംഭവിച്ചു. അതായത് നേസൽ ബോൺ ഫ്രാക്ച്ചറും അതോടൊപ്പം സെപ്റ്റത്തിന് പൊട്ടൽ ഉണ്ടായിട്ടുണ്ട്. തുടർന്നു നടത്തിയ പരിശോധനയിൽ ഷാഫിയുടെ മൂക്കിൻരെ ടി 2 എന്നു പറയുന്ന ഭാഗത്ത് വളവുണ്ട്, അതുപോലെ ദശ വളരുന്ന അവസ്ഥയുമുണ്ട്. അതിനാൽ തന്നെ ആക്രമണത്തിലുണ്ടായ പൊട്ടലിനൊപ്പം മറ്റു പ്രശ്നങ്ങളും മാറ്റിയാണ് ശസ്ത്രക്രിയ നടത്തിയത്.
ഇതിനായി ഡോക്ടർമാർ തെരഞ്ഞെടുത്തത് നേസൽ ബോൺ ഫ്രാക്ച്ചർ റിഡക്ഷൻ എന്നു പറയുന്ന സർജിക്കൽ മെത്തേഡാണ് ചെയ്തത്. അതോടൊപ്പം എൻഡോസ്കോപിക് സെപ്റ്റോപ്ലാസ്റ്റി സർജറി എന്ന മറ്റൊരു ശസ്ത്രക്രിയയും ചെയ്തു. ഈ രണ്ട് ശസ്ത്രക്രിയകളും നീഡിൽ ഉപയോഗിച്ചുകൊണ്ട് മൂക്കിനുള്ളിൽ ചെയ്യുന്ന ശസ്ത്രക്രിയയാണ്. ഇതിനു താടിയും മുടിയും എടുത്തുകളയണ്ട.
അതേസമയം സിപിഎമ്മിന്റെ സൈബർ സഖാക്കൾ ഷാഫിയ്ക്ക് ഓപ്പറേഷൻ നടത്തിയില്ലായെന്നതരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തി തുടങ്ങിയതോടെ ഷാഫിയെ സപ്പോർട്ട് ചെയ്ത് നടി സജിതാ മഠത്തിൽ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. തനിക്ക് ശസ്ത്രക്രിയ നടത്തിയപ്പോൾ മുടി പൂർണമായി നീക്കം ചെയ്തില്ല, സർജറി ചെയ്ത ഭാഗത്തുനിന്ന് മാത്രം അൽപം മുടി നീക്കം ചെയ്തതേയുള്ളുവെന്നായിരുന്നു നടിയുടെ കുറിപ്പ്. എന്നാൽ അധികം താമസിയാതെ നടി ഈ പോസ്റ്റ് നീക്കം ചെയ്തു.