കോഴിക്കോട്: ഷാഫി പറമ്പിലിൽ എംപിക്കെതിരായ മർദനത്തിൽ പോലീസിനെതിരെ കോഴിക്കോട് റൂറൽ എസ്പി കെ.ഇ ബൈജു. പോലീസിലെ ചില ആളുകൾ മനഃപ്പൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചുവെന്നും അവരെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും കെ.ഇ ബൈജു പറഞ്ഞു. ഷാഫി പറമ്പിലിനെ പുറകിൽ നിന്ന് ലാത്തി കൊണ്ട് അടിക്കുകയായിരുന്നു. പേരാമ്പ്രയിൽ ലാത്തി ചാർജ് നടന്നിട്ടില്ലെന്നും എസ്പി പറഞ്ഞു. വടകരയിൽ നടന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
അന്നു ഞങ്ങൾ ലാത്തി ചാർജ് ചെയ്തിട്ടില്ല. ലാത്തി ചാർജ് ചെയ്യാനുള്ള ഒരു കമാൻഡ് നൽകുകയോ, വിസിലടിച്ച് അടിച്ചോടിക്കുകയോ ചെയ്യുന്ന ആക്ഷൻ അവിടെ നടന്നിട്ടില്ല. പക്ഷെ ഞങ്ങളുടെ കൂടെയുള്ള ചില ആളുകൾ മനഃപ്പൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് പിന്നീട് മനസിലാക്കി. അത് ആരാണെന്ന് കണ്ടുപിടിക്കാൻ ഞങ്ങൾ എഐ ടൂളുകൾ ഉപയോഗിച്ച് അന്വേഷണം നടത്തിവരികയാണ്. കെ.ഇ ബൈജു കൂട്ടിച്ചേർത്തു
അതേസമയം ഷാഫി പറമ്പിൽ എംപിക്കെതിരായ പോലീസ് നടപടിയിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. രണ്ട് ഡിവൈഎസ്പിമാർക്കും ഷാഫിയെ ലാത്തി കൊണ്ടടിച്ച പോലീസ് ഉദ്യോഗസ്ഥനുമെതിരെയാണ് കോഴിക്കോട് കോൺഗ്രസ് നേതൃത്വം പരാതി നൽകിയത്. നടപടിയുണ്ടായില്ലെങ്കിൽ റൂറൽ എസ് പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിച്ചുകൊണ്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു.