ന്യൂഡൽഹി: നുഴഞ്ഞുകയറ്റം മൂലം മുസ്‌ലിം ജനസംഖ്യ 24.6 ശതമാനം വർധിച്ചപ്പോൾ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇത് മുസ്‌ലിങ്ങളുടെ വൻതോതിലുള്ള നുഴഞ്ഞുകയറ്റത്താലാണ്.
പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള നുഴഞ്ഞുകയറ്റമാണ് ജനസംഖ്യയിൽ ഇത്രയും വലിയ മാറ്റത്തിന് കാരണമായതെന്നും ഷാ പറഞ്ഞു. ‘നുഴഞ്ഞുകയറ്റം, ജനസംഖ്യാപരമായ മാറ്റം, ജനാധിപത്യം’ എന്ന വിഷയത്തിൽ ഡൽഹിയിൽനടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1951-ൽ പാകിസ്താനിലെ ഹിന്ദുജനസംഖ്യ 13 ശതമാനമായിരുന്നു. മറ്റ് ന്യൂനപക്ഷങ്ങൾ 1.2 ശതമാനവും. ഇപ്പോൾ അവിടത്തെ ഹിന്ദുക്കളുടെ എണ്ണം 1.73 ശതമാനമായി. 1951-ൽ ബംഗ്ലാദേശിൽ ഹിന്ദു ജനസംഖ്യ 22 ശതമാനമായിരുന്നത് ഇപ്പോൾ 7.9 ശതമാനമായി.
അഫ്ഗാനിസ്താനിൽ അന്ന് 2.2 ലക്ഷം ഹിന്ദുക്കളും സിഖുകാരും ഉണ്ടായിരുന്നെന്നും ഇപ്പോൾ അത് വെറും 150 ആയി കുറഞ്ഞെന്നും ഷാ വ്യക്തമാക്കി. ഈ രാജ്യങ്ങളിലെ ഹിന്ദു ജനസംഖ്യയിലുണ്ടായ കുറവ് മതപരിവർത്തനംമൂലമല്ലെന്നും അവരിൽ പലരും ഇന്ത്യയിൽ അഭയംതേടിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. അഭയാർഥികളെയും നുഴഞ്ഞുകയറ്റക്കാരെയും ഒരേ വിഭാഗത്തിൽ പരിഗണിക്കരുത്. വോട്ടർപട്ടികയിൽ നുഴഞ്ഞുകയറ്റക്കാരെ ഉൾപ്പെടുത്തുന്നത് ഭരണഘടനയുടെ ആത്മാവിനെ മലിനമാക്കും. അവരെ വോട്ടർപട്ടികയിൽനിന്ന് നീക്കംചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അമിത് ഷാ പറഞ്ഞു.