തിരുവനന്തപുരം: മണ്ണന്തലയിൽ മരുമകൻ അമ്മാവനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലിക്കൊന്നു. മണ്ണന്തല പുത്തൻവീട്ടിൽ സുധാകരൻ (80) ആണു മരിച്ചത്. സംഭവത്തിൽ ഇയാളുടെ സഹോദരിയുടെ മകനും നിരവധി കേസുകളിൽ പ്രതിയുമായ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ ക്രിക്കറ്റ് ബാറ്റ് കൊണ്ടാണ് രാജേഷ് സുധാകരനെ അടിച്ചതെന്നാണു കരുതുന്നത്.
രാജേഷും സുധാകരനും ഒരു വീട്ടിലാണു താമസിച്ചിരുന്നത്. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ രാജേഷ് അമ്മാവനെ ക്രൂരമായി മർദിച്ചുവെന്നു അയൽവാസികൾ പോലീസിനോടു പറഞ്ഞു. മർദനമേറ്റ സുധാകരൻ രാത്രി മരിച്ചുവെന്നാണു കരുതുന്നത്. രാവിലെയാണു നാട്ടുകാർ വിവരം അറിഞ്ഞ് പോലീസിനെ വിളിച്ചത്. ഇതിനിടെ രാജേഷ് സ്ഥലത്തുനിന്നു മുങ്ങി. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. അതേസമയം കഴിഞ്ഞയാഴ്ച രാജേഷിന്റെ എതിർ സംഘത്തിൽപെട്ട ഗുണ്ടകൾ ഈ വീടിനു നേരെ ആക്രമണം നടത്തിയിരുന്നതായും അയൽക്കാർ പറഞ്ഞു.