ദില്ലി: ഇന്ത്യൻ സന്ദർശനത്തിനിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ കളി അവസാനിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനെ അധികം പ്രകോപിപ്പിക്കരുത്. അങ്ങനെ ചെയ്താൽ, ബ്രിട്ടീഷുകാരോടോ അല്ലെങ്കിൽ അമേരിക്കക്കാരോടോ ചോദിച്ചാൽ, അഫ്ഗാനിസ്ഥാനുമായി അത്തരം കളികൾ കളിക്കുന്നത് നല്ലതല്ലെന്ന് അവർ വിശദീകരിക്കും.
ഞങ്ങൾക്ക് നയതന്ത്ര പാത വേണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുമായുള്ള നയതന്ത്ര, വികസന ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള അഫ്ഗാന്റെ സന്നദ്ധത അദ്ദേഹം സൂചിപ്പിച്ചു.അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള ശത്രുത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവനകൾ വരുന്നതെന്നും ശ്രദ്ധേയം. ചർച്ചയ്ക്കുള്ള വാതിൽ ഞങ്ങൾ തുറന്നിട്ടിരിക്കുന്നു.
40 വർഷത്തിനുശേഷം അഫ്ഗാനിസ്ഥാനിൽ സമാധാനവും പുരോഗതിയും ഉണ്ട്, അത് തടസ്സപ്പെടുത്താൻ ഞങ്ങൾ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി അഫ്ഗാൻ മണ്ണ് ഒരു തരത്തിലും ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.