കൊച്ചി: ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് തിരിമറി നടന്നിട്ടുണ്ടെന്ന് വ്യക്തമായതായി ഹൈക്കോടതി. 2019ൽ സ്വർണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വർണമാണ് കാണാതായിട്ടുള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശബരിമല സ്വർണക്കൊള്ളയിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനും ഹൈക്കോടതി നിർദേശം നൽകി.
ഇതിനായി ദേവസ്വം ചീഫ് വിജിലൻസ് ഓഫിസറുടെ റിപ്പോർട്ട് ഇന്നു തന്നെ ദേവസ്വം ബോർഡിന് കൈമാറാനും കോടതി നിർദേശിച്ചു. ബോർഡ് ഇതു സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറണം. പിന്നെ സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാകണം എസ്ഐടി കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
അതേസമയം ശബരിമലയിൽനിന്ന് ഇളക്കിമാറ്റിയ സ്വർണപ്പാളികൾ ശനിദോഷം അകറ്റാനും ഐശ്വര്യത്തിനായുമായും കോടിക്കണക്കിന് രൂപക്ക് ബെംഗളൂരുവിൽ വിറ്റഴിച്ചതായി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നുവെന്നാണ് അറിയുരുന്നത്. ശബരിമല സ്വർണപ്പാളി കേസിൽ ദേവസ്വം വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത്തരത്തിൽ പരാമർശമുള്ളതായി അറിയുന്നത്.
ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് റിപ്പോർട്ട് പരിശോധിക്കുന്നത്.വിജിലൻസ് എസ്പി സുനിൽകുമാറാണ് ശബരിമല സ്വർണപ്പാളി കേസുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറിയത്. അതുപോലെ ഈ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങളാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്.