കൊച്ചി: ഓരോ ദിവസം കഴിയുന്തോറും സ്വർണത്തിന്റെ ഡിമാന്റ് കൂടുന്നതോടെ സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതും അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തീരുമാനങ്ങളും സ്വർണവിലയിലെ ഈ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഗോൾഡ്മാൻ സാച്ച്സ് റിസർച്ചിന്റെ റിപ്പോർട്ടനുസരിച്ച് ഈ വർഷം മാസം തോറും 64 ടൺ സ്വർണമാണ് സെൻട്രൽ ബാങ്കുകൾ വാങ്ങിയിരിക്കുന്നത്.
ഇതിന്റെ ചുവട്പിടിച്ച് സ്വർണവിലയിൽ വീണ്ടും വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുടെ വർദ്ധനവിലുമാണ് ഇന്ന് സ്വർണ വിപണി ഉണർന്നത്. ഇതോടെ ഒരു ഗ്രാമിന് 11380 രൂപയാണ് ഇന്നത്തെ വില. പവന് 91040 രൂപയുമായി.
അതേസമയം ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന് 90,320 രൂപയിരുന്നു. ഒരു ഗ്രാമിന് 11290 രൂപയും. ഉച്ചകഴിഞ്ഞതോതെ വീണ്ടും വില വർധിച്ചു. പവന് 560 രൂപ കൂടി ഒരു പവന് 90880 രൂപയായി. നിലവിലെ ട്രെൻഡുകൾ പരിഗണിക്കുമ്പോൾ ഇന്നും ഉച്ചയ്ക്ക് ശേഷം സ്വർണവിലയിൽ വർധനവ് ഉണ്ടായേക്കാമെന്ന് നിരീക്ഷണങ്ങളുണ്ട്.
അതുപോലെ ഈ ട്രെൻഡ് തുടർന്നാൽ സ്വർണവില ഒരു ലക്ഷത്തിനടുത്തെത്താൻ ഇനി അധിക ദിവസം വേണ്ടി വരില്ല. ഇതോടുകൂടി വില കുറഞ്ഞിട്ട് സ്വർണം വാങ്ങാമെന്ന പ്രതീക്ഷയാണ് സാധാരണക്കാരെ സംബന്ധിച്ച് ഇല്ലാതാവുന്നത്. അതേസമയം സ്വർണവിലയിലുണ്ടാകുന്ന ഈ മുന്നേറ്റം സ്വർണത്തിന്റെ ആവശ്യകതയിൽ ഇടിവ് ഉണ്ടാക്കിയിട്ടില്ലെന്നതും കണക്കുകൾ പറയുന്നു. ആഭരണത്തിന് മാത്രമാണ് താരതമ്യേന ആവശ്യക്കാർ കുറയുന്നത്. അതേസമയം, ബാർ, കോയിൻ, ഡിജിറ്റൽ ഗോൾഡ് എന്നിങ്ങനെ പല രീതിയിൽ സ്വർണവിൽപ്പന നടക്കുന്നുണ്ട്. അവയ്‌ക്കെല്ലാമാണ് കൂടുതൽ ആവശ്യക്കാരുള്ളത്.