കയ്റോ: യുഎസ് മുന്നോട്ടുവച്ച 20 ഇന ഗാസ സമാധാനപദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതുപ്രകാരം മുൻകൂട്ടി നിശ്ചയിച്ചതുപോലെ ബന്ദികളെയെല്ലാം ഹമാസ് ഉടൻ മോചിപ്പിക്കും. സമൂഹമാധ്യമത്തിലൂടെയാണ് ഇതു സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തിയതിന്റെ രണ്ടാം വാർഷികത്തിനു പിന്നാലെയാണ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. കൂടാതെ ഈ ആഴ്‌ച ഈജിപ്ത് സന്ദർശിച്ചേക്കുമെന്നും ട്രംപ് പറഞ്ഞു. വെടിനിർത്തൽ എത്രയും വേഗം നടപ്പാക്കാനും ബന്ദികളുടെ മോചനം വേഗത്തിലാക്കാനും ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജറീദ് കഷ്നർ എന്നിവരടങ്ങിയ യുഎസ് സംഘം ഇന്ന് ഈജിപ്തിലെത്തും.
ട്രംപിന്റെ വാക്കുകൾ ഇങ്ങനെ
‘ഞങ്ങളുടെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് പ്രഖ്യാപിക്കാൻ ഏറെ സന്തോഷമുണ്ട്. ഇനിനർഥം എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കും. ശക്തവും നിലനിൽക്കുന്നതും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ആദ്യ ചുവടുകളായി ഇസ്രയേൽ അവരുടെ സൈന്യത്തെ, ഇരുകൂട്ടരും അംഗീകരിക്കുന്ന മേഖലയയിലേക്കു പിൻവലിക്കും. എല്ലാ കക്ഷികളോടും നീതിപൂർവ്വം പെരുമാറും! അറബ്, മുസ്‍ലിം ലോകത്തിനും ഇസ്രയേലിനും ചുറ്റുമുള്ള എല്ലാ രാജ്യങ്ങൾക്കും അമേരിക്കൻ ഐക്യനാടുകൾക്കും ഇത് ഒരു മഹത്തായ ദിവസമാണ്. ഈ ചരിത്രപരവും അഭൂതപൂർവവുമായ സംഭവം യാഥാർഥ്യമാക്കാൻ ഞങ്ങളോടൊപ്പം പ്രവർത്തിച്ച ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള മധ്യസ്ഥർക്ക് ഞങ്ങൾ നന്ദി പറയുന്നു. സമാധാന സ്ഥാപകർ അനുഗ്രഹീതരാണ്!’.