കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് അടിച്ചുമാറ്റിയ സ്വർണം ഒരു പെൺകുട്ടിയുടെ വിവാഹം നടത്താൻ ആഗ്രഹിച്ച ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ മെയിൽ സന്ദേശ വിവരങ്ങൾ പുറത്ത്. 2019 ഡിസംബറിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി അന്നത്തെ ദേവസ്വം പ്രസിഡന്റിന് അയച്ച രണ്ട് ഇ മെയിൽ സന്ദേശങ്ങളിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ശബരിമല വാതിലുകളിലെയും ദ്വാരപാലകങ്ങളിലെയും സ്വർണപ്പണികൾ പൂർത്തിയാക്കിയശേഷവും ബാക്കി വന്ന സ്വർണം തൻറെ പക്കൽ ഉണ്ടെന്നും അധികം വന്ന സ്വർണം കൊണ്ടു ഒരു പെൺകുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചാണ് മെയിൽ അയച്ചത്. 2019 ഡിസംബറിലാണ് മെയിൽ അയച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. 2019 ഡിസംബർ 9 നും 17 നുമായാണ് ഇ മെയിൽ സന്ദേശങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റി മെയിൽ അയച്ചിരിക്കുന്നതെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയത്.
2019 ഡിസംബർ 9 ന് അയച്ച ഇമെയിലിൽ ഉണ്ണികൃഷ്ണൻ പോറ്റി ആവശ്യപ്പെടുന്നത് ഇങ്ങനെ-
‘ഞാൻ ഉണ്ണികൃഷ്ണൻ പോറ്റി. ശബരിമല വാതിലുകളിലെയും ദ്വാരപാലകങ്ങളിലെയും സ്വർണപ്പണികൾ പൂർത്തിയാക്കിയശേഷവും എന്റെ പക്കൽ കുറച്ച് സ്വർണം അവശേഷിക്കുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ച്, പിന്തുണ ആവശ്യമുള്ള ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ഇത് ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിൽ താങ്കളുടെ വിലപ്പെട്ട അഭിപ്രായം അറിയിക്കണം’.
അതേസമയം ഒരു സഹായിയുടെ ഇ മെയിൽ നിന്നാണ് ഉണ്ണികൃഷ്ണൻപോറ്റി പ്രസിഡന്റിന് മെയിൽ അയച്ചിരിക്കുന്നത്. അതുപോലെ ദേവസ്വം ബോർഡിന്റെ സെക്രട്ടറി അയച്ച ഒരു കത്ത് കൂടി കോടതി വഴി പുറത്തുവന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആവശ്യത്തിൽ എന്ത് തീരുമാനമാണ് കൈകൊള്ളേണ്ടത് എന്ന തരത്തിലാണ് കത്ത്. എന്നാൽ ഇതിൽ തുടർനടപടികൾ ഉണ്ടായിട്ടില്ല. ഉണ്ണികൃഷ്ണന്റെ കൈയ്യിൽ അവശേഷിക്കുന്നുവെന്നുവെന്ന് പറയുന്ന സ്വർണം ബോർഡ് തിരിച്ചെടുത്തതായി രേഖകളിലില്ലായെന്നത് ഞെട്ടിച്ചുവെന്നും കോടതി വ്യക്തമാക്കു.
അതേസമയം ദേവസ്വം വിജിലൻസിന്റെ അന്വേഷണം വെള്ളിയാഴ്ച്ചയ്ക്കകം പൂർത്തിയാക്കണമെന്നും അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് പ്രത്യേക അന്വേഷണ സംഘം തുടർനടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.