ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ച മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ ആദരിക്കാനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ലാൽസലാം പരിപാടിയുടെ പിന്നിലെ സർക്കാർ ലക്ഷ്യത്തിൽ വിമർശനങ്ങളും സംശയങ്ങളും ചോദ്യങ്ങളും വർദ്ധിക്കുകയാണ്. മോഹൻലാലിനുള്ള ആദമാണോ സിപിഎം നേതാക്കൾക്കു വെരകാനുള്ള അവസരമൊരുക്കിയതാണോ ആ പരിപാടിയെന്നാണ് സോഷ്യൽ മീഡിയയിലുയരുന്ന സംശയം.
ഇതിന് ആക്കംകൂട്ടാനായി പ്രസ്തുത പരിപാടിക്ക് ലാൽസലാം എന്ന പേരിട്ടതും, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്ന് വേദിയിൽ ഇരിപ്പിടം ലഭിച്ചതും എല്ലാം നവമാധ്യമങ്ങളിൽ വിമർശിക്കപ്പെടുന്നുണ്ട്. വേദിയിൽ പുരസ്കാര ജേതാവായ മോഹൻലാലിന്റെ ചിത്രത്തെക്കാൾ വലിപ്പത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പ്രദർശിപ്പിച്ചത് സോഷ്യൽ മീഡിയയിൽ ട്രോളന്മാർ ആഘോഷിക്കുകയായിരുന്നു. മോഹൻലാലിനെ ആദരിക്കാൻ അല്ല സർക്കാരിന് മൈലേജ് ഉണ്ടാക്കാൻ വേണ്ടിയായിരുന്നു പരിപാടി സംഘടിപ്പിച്ചതെന്നും സോഷ്യൽ മീഡിയകളിൽ വിമർശനങ്ങൾ ഉയർന്നു.
മോഹൻലാലിനെ ആദരിക്കുന്ന ചടങ്ങിന് ലാൽസലാം എന്ന പേര് നൽകിയത് രാഷ്ട്രീയ താൽപര്യങ്ങൾ കൊണ്ടാണ് എന്ന വിമർശനങ്ങൾ ആദ്യം മുതൽക്കേ ഉയർന്ന് കേട്ടിരുന്നു. മലയാളികളുടെ അഭിമാനമായ മോഹൻലാലിനെ ചുവപ്പുവൽക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നായിരുന്നു ലാൽസലാം എന്ന പേരിനോടുള്ള ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം. പരിപാടി കഴിഞ്ഞശേഷവും ലാൽസലാം എന്ന പേരിനെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല.
കഴിഞ്ഞ ദിവസം സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല തന്നെ ഈ വിഷയത്തിൽ സർക്കാരിനെതിരെ സംസാരിക്കുന്ന സ്ഥിതി വിശേഷം ഉണ്ടായി. ഒരു പരിപാടിയുടെ പേരിടുമ്പോൾ പോലും, ലാൽസലാം എന്ന് പേരിട്ടാൽ അതിനെ പാർട്ടിയുടെ തത്വങ്ങളുമായി ചേർത്ത് കൊണ്ടുപോകാമെന്ന അതിബുദ്ധിയോടെയും തീക്ഷ്ണ ബുദ്ധിയോടേയും മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. മുൻകാലങ്ങളിൽ കലയേയും കലാകാരന്മാരേയും ചേർത്തുനിർത്തുമ്പോൾ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് ഇത്ര ശക്തിയായി, കൂർമബുദ്ധിയോടെ ചിന്തിച്ചെടുക്കാൻ സാധിച്ചിരുന്നില്ല എന്നായിരുന്നു കഴിഞ്ഞദിവസം ജയൻ ചേർത്തല പറഞ്ഞത്. ഇന്ന് കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങൾ എവിടെ പരിപാടി നടത്തിയാലും ഏറ്റവും കൂടുതൽ സ്റ്റേജിൽ കാണുന്നത് സിനിമാ നടന്മാരെയാണ് എന്ന് താര സംഘടനയുടെ ഭാരവാഹി തന്നെ തുറന്നു പറയുമ്പോൾ കേരള സർക്കാർ സിനിമാതാരങ്ങളെ ഉപയോഗിച്ച് പി.ആർ സ്റ്റണ്ട് നടത്തുകയാണ് എന്ന പ്രതിപക്ഷ വിമർശനങ്ങളെ അത് ശരിവെക്കുന്നുണ്ട്.
2014-ൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരുന്നകാലംതൊട്ടാണ് ഇന്ത്യയിൽ സാംസ്‌കാരിക കാഴ്‌ചപ്പാടുകൾക്ക് മാറ്റം വന്നത്. അത് നല്ലതോ ചീത്തയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. മനസുകൊണ്ട് എനിക്ക് അതിനോട് ചേർച്ചയില്ല എന്നും ജയൻ ചേർത്തല പറയുന്നു. ഇത്തരം വിഷയങ്ങളിൽ കേന്ദ്രസർക്കാരും കേരള സർക്കാർ തമ്മിൽ വലിയ വ്യത്യാസങ്ങൾ ഇല്ല എന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയും. മോഹൻലാൽ എന്ന മലയാളത്തിന്റെ മഹാപ്രതിഭയ്ക്ക് ലഭിച്ച ഒരു മഹത്തായ പുരസ്കാരത്തെ പോലും സർക്കാർ അവരുടെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ ശ്രമിച്ചു എങ്കിൽ അത് മലയാളക്കരയ്ക്ക് ആകെ അപമാനകരമാണ്.
മോഹൻലാലിനെ ആദരിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ പ്രകടമായിരുന്നു എന്നും, മലയാളികൾ സ്നേഹിക്കുന്ന കേരളത്തിന്റെ പൊതുസ്വത്തായ മോഹൻലാലിന്റെ പരിപാടി ആയതിനാൽ തന്നെ വിവാദങ്ങൾ ഉണ്ടാക്കാൻ താല്പര്യപ്പെടുന്നില്ലെന്നുമായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. സർക്കാരിനെതിരെയുള്ള ജനങ്ങളുടെ വെറുപ്പിനെ മറികടക്കാൻ ആണ് ഇത്തരം പി ആർ പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. മോഹൻലാലിനോടുള്ള കേരളക്കരയുടെ സ്നേഹത്തെ സിപിഎം ദുരുപയോഗം ചെയ്യുകയായിരുന്നോ എന്ന ചോദ്യമാണ് ഈ വിമർശനങ്ങൾ എല്ലാം അവശേഷിപ്പിക്കുന്നത്. സർക്കാർ നടത്തിയ പരിപാടി ഒരു പാർട്ടി പരിപാടിയായി മാറി എന്ന വിമർശനം പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വേദിയിലെ സജീവ സാന്നിധ്യത്തെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ വിമർശനം. അതുപോലെതന്നെ ഇടതു നേതാക്കളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കാണുമ്പോൾ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾക്ക് മോഹൻലാലിനൊപ്പം ചിത്രം എടുക്കാൻ അവസരം ഉണ്ടാക്കിക്കൊടുക്കാനായി സംഘടിപ്പിച്ച പരിപാടിയാണോ ഇതെന്ന് പൊതുജനത്തിന് സംശയം തോന്നിയാൽ പോലും അവരെ തെറ്റുപറയാൻ പറ്റുകയില്ല.
ചടങ്ങിന്റെ ഭാഗമായി സ്ക്രീനിൽ പ്രദർശിപ്പിച്ച പോസ്റ്ററിൽ പുരസ്കാര ജേതാവായ മോഹൻലാലിന്റെ ചിത്രത്തേക്കാൾ വലുപ്പമുള്ള ചിത്രം പിണറായി വിജയന്റെ ചിത്രമായിരുന്നു. കേന്ദ്രത്തിൽ നരേന്ദ്രമോദി ചെയ്യുന്ന അതേ കാര്യം തന്നെയാണ് കേരളത്തിൽ പിണറായി വിജയനും ചെയ്യുന്നതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ വരുന്നു. പരിപാടിയുടെ ചിത്രങ്ങൾ വന്നതോടെ അവാർഡ് ജേതാവിനെക്കാൾ വലുതായിരിക്കണം തന്റെ ചിത്രം എന്നു കരുതുന്ന ഭരണാധികാരികൾ നാണക്കേടാണ് എന്ന തരത്തിലുള്ള നിരവധി പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയകൾ നിറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ വേണ്ടിയായിരുന്നു ലാൽസലാം എന്ന പരിപാടി സംഘടിപ്പിച്ചതെന്ന പ്രതിപക്ഷ വിമർശനത്തെ സാധൂകരിക്കുകയായിരുന്നു ഈ കാഴ്ചകൾ എല്ലാം.
പിണറായി വിജയനെ അമാനുഷികനായി ചിത്രീകരിക്കുന്നതിന് വേണ്ടിയുള്ള പി ആർ പരിപാടികൾ ആണോ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത് എന്ന ചോദ്യത്തിന് വർത്തമാനകാല കേരളത്തിൽ വളരെ പ്രസക്തിയുണ്ട്. മുതലാളിത്തത്തിനെതിരെ സംസാരിച്ചിരുന്ന തൊഴിലാളി വർഗ്ഗ പാർട്ടി ഇന്ന് കേവലം പിആർ ഏജൻസികൾ എഴുതുന്നത് നടപ്പിലാക്കുന്ന പി ആർ പാർട്ടിയായി മാറിയെന്ന പരിഹാസങ്ങളാണ് സിപിഎമ്മിന് നേരെ രാഷ്ട്രീയ നിരീക്ഷകർ ഉൾപ്പടെ നടത്തുന്നത്. നികുതിപ്പണം ഉപയോഗിച്ചുള്ള പി ആർ വർക്കാണോ പിണറായി വിജയൻ നടത്തുന്നത് എന്ന ചോദ്യം മുഖ്യധാര മാധ്യമങ്ങൾ ഉൾപ്പെടെ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു.
മോഹൻലാൽ എന്നത് മലയാളിക്ക് ഒരു വികാരമാണ്. അദ്ദേഹത്തെ ആദരിക്കുക എന്നത് ഓരോ മലയാളിയും മനസുകൊണ്ട് സന്തോഷിക്കുന്ന കാര്യമാണ്. എന്നാൽ ആ പരിപാടിക്ക് സർക്കാർ ലാൽസലാം എന്ന പേര് നൽകിയത് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഒന്നുമില്ലാതെയാണോ? പോസ്റ്ററിലോ നോട്ടീസിലോ പേരില്ലായിരുന്നു എന്ന് മാധ്യമങ്ങൾ തന്നെ പറയുന്ന പാർട്ടി സെക്രട്ടറിക്ക് വേദിയിൽ ഇടം കിട്ടിയത് എന്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു? മോഹൻലാലിനെ ആദരിക്കുന്ന പരിപാടിയിൽ അദ്ദേഹത്തിന്റെ ചിത്രത്തെക്കാൾ വലിയ മുഖ്യമന്ത്രിയുടെ ചിത്രം ഉണ്ടായിരിക്കണം എന്ന പിടിവാശി ആർക്കായിരുന്നു? അത് എന്തിനുവേണ്ടിയായിരുന്നു? ലാൽസലാം എന്ന പരിപാടിയെ സംബന്ധിച്ച് ഉയർന്നു വന്നിട്ടുള്ള ഇത്തരം ചോദ്യങ്ങൾക്ക് സർക്കാരിനോ പാർട്ടിക്കോ ക്യാപ്സൂളുകൾ അല്ലാത്ത വ്യക്തമായ ഉത്തരം നൽകാൻ കഴിയാത്തിടത്തോളം മോഹൻലാൽ എന്ന താരത്തിനുള്ള മലയാളികളുടെ സ്നേഹത്തെ പോലും പിആറിനുള്ള ഉപകരണം ആക്കി എന്ന വിമർശനത്തെ തള്ളിക്കളയാൻ കഴിയുകയില്ല.
സിനിമ മേഖലയിലെ പരമോന്നത പുരസ്കാരം മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലിന് ലഭിക്കുമ്പോൾ അതിൽ സന്തോഷിക്കാത്ത മലയാളികൾ ഉണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി കേരളം മുഴുവൻ ഒരുപോലെ ആഘോഷിക്കേണ്ട പരിപാടിയായിരുന്നു. അങ്ങനെ ഒരു ചടങ്ങിനെയാണ് സംസ്ഥാന സർക്കാർ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സമീപിച്ച് ഈ വിധം വിവാദമാക്കിയിരിക്കുന്നത്. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ വിവാദങ്ങളിൽ നിന്നും സർക്കാരിന്റെ മുഖം രക്ഷിക്കാൻ നടത്തുന്ന പി ആർ പരിപാടികൾ അല്ല ഇവയെന്ന് പൊതുജനത്തെ ബോധ്യപ്പെടുത്തേണ്ട പൂർണ ഉത്തരവാദിത്വം സർക്കാരിന് തന്നെയാണ്. ജനാധിപത്യത്തിൽ പൗരന്മാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പറ്റാത്ത ഒരു ഭരണകൂടവും നിലനിന്ന ചരിത്രമില്ല എന്നുമാത്രം ഓർമിപ്പിക്കുന്നു.