ഫ്രാൻസിൽ പ്രധാനമന്ത്രി കസേരയ്ക്ക് രാശിയില്ലാതായിട്ടുണ്ട്. ഒരു വർഷത്തിനിടെ 4 പേരാണ് പ്രധാനമന്ത്രിക്കസേരയിൽ നിന്ന് നിലം പൊത്തിയത്. പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ സെബാസ്റ്റ്യൻ ലകോർന്യൂ 12 മണിക്കൂർ മാത്രം ഭരിച്ച് രാജിവച്ചതോടെ ഒരുമാസത്തിനിടെ രാജിവച്ച പ്രധാനമന്ത്രിമാർ രണ്ടായി. സെപ്റ്റംബറിൽ രാജിവച്ച ഫ്രാൻസ്വ ബെയ്റൂവിന്റെ പിൻഗാമിയായിരുന്നു ലകോർന്യു. ഫ്രാൻസിന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞകാലം പ്രധാനമന്ത്രിപദം വഹിച്ചയാൾ എന്ന റെക്കോർഡും ഇതോടെ ലകോർന്യുവിന്റെ പേരിലായി.
അതേസമയം ഇന്നലെയാണ് ലകോർന്യു മന്ത്രിസഭ അഴിച്ചുപണിതത്. ഇതിൽ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി അമർഷം രേഖപ്പെടുത്തിയതിനു പിന്നാലെയാണ് രാജി. സർക്കാരിൽ തുടരണോയെന്ന് പുനരാലോചിക്കുമെന്ന് റിപ്പബ്ലിക്കൻ നേതാക്കൾ വ്യക്തമാക്കിയിരുന്നു. നിലവിലെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, തുടർച്ചയായ രണ്ടാംവട്ടവും ചുമതലയേറ്റ 2022നുശേഷം ഇതുവരെ 6 പ്രധാനമന്ത്രിമാരാണ് ഫ്രാൻസിൽ രാജിവച്ചത്.
ഇതിനിടെയും പുതിയ പ്രധാനമന്ത്രിയെ നിർദേശിക്കുമോ അതോ പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോയെന്ന് മക്രോ വ്യക്തമാക്കിയിട്ടില്ല. മക്രോയുടെ രാജിക്കായും സമ്മർദമുണ്ടെങ്കിലും 2027 വരെയുള്ള കാലാവധി പൂർത്തിയാക്കുമെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. ഫ്രാൻസിന്റെ പൊതുകടം നിലവിൽ ചരിത്രത്തിലെ ഏറ്റവും ഉയരത്തിലാണുള്ളത്. ഈ പശ്ചാത്തലത്തിൽ ബജറ്റ് സംബന്ധിച്ച് പാർട്ടികൾക്കിടയിലെ അഭിപ്രായ ഭിന്നതയാണ് പ്രധാനമന്ത്രിമാരുടെ രാജിയിൽ കലാശിച്ചത്.
പ്രധാനമന്ത്രിയുടെ രാജിയോടെ യൂറോപ്പിലെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായ ഫ്രാൻസിലെ രാഷ്ട്രീയ അസ്ഥിരത ഓഹരി വിപണികളെയും യൂറോയെയും സാരമായി ബാധിച്ചു. യൂറോ 0.7% താഴ്ന്ന് 1.16ലാണ് ഡോളറിനെതിരെയുള്ളത്. ഫ്രഞ്ച് ഓഹരി സൂചികയായ സിഎസി 2% ഇടിഞ്ഞു. 3% താഴ്ന്ന മിഡ്ക്യാപ് ഓഹരികൾ നേരിട്ടത് ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ താഴ്ചയാണ്. ബാങ്കിങ് ഓഹരികളാണ് കൂടുതൽ വിൽപന സമ്മർദത്തിലായത്. ബിഎൻപി പാരിബ, സൊസൈറ്റി ജനറാലെ, ക്രെഡിറ്റ് അഗ്രികോൾ എന്നിവ 5% വരെ ഇടിഞ്ഞു.