തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിലെ വാടക ക്വാർട്ടേഴ്സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി സ്വവർഗാനുരാഗിയെന്ന് കണ്ടെത്തൽ. അറസ്റ്റിലായ പ്രതി മരത്തംകോട് ചൊവ്വന്നൂർ ചെറുവത്തൂർ സണ്ണി (61) സ്വവർഗാനുരാഗിയാണെന്നും പോലീസ് പറഞ്ഞു. സ്വവർഗരതിക്കിടെയാണ് കൊലപാതകം. ഇയാൾ ഇത്തരത്തിൽ പലരെയും ക്വാർട്ടേഴ്‌സിൽ കൊണ്ടുവരുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. അതേസമയം കഴിഞ്ഞ രാത്രി ഏഴിനാണ് സണ്ണി 30 വയസിന് താഴെയുള്ള ഒരാളുമായി ക്വാർട്ടേഴ്‌സിൽ എത്തിയിട്ടുള്ളത്. അതേസമയം കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയാണെന്നാണ് പോലീസിന്റെ നിഗമനം. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സണ്ണി നേരത്തെ രണ്ടു കൊലപാതക കേസുകളിലെ പ്രതിയാണ്. അച്ഛന്റെ അമ്മയെയും ഇതര സംസ്ഥാന തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസുകളിൽ ഇയാൾ പ്രതിയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ-
തൃശ്ശൂരിലെ സ്വകാര്യസ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനാണ് സണ്ണി. പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കുന്നതിനിടയിലാണ് 2006-ൽ ഇയാൾ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയത്. തുടർന്ന് 2024 ഓഗസ്റ്റിലാണ് ഇയാൾ ചൊവ്വന്നൂരിലെ ക്വാർട്ടേഴ്‌സിൽ താമസം തുടങ്ങിയത്.
ഇതിനിടെ ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപത്തെ വാടക ക്വാർട്ടേഴ്‌സിലാണ് കഴിഞ്ഞ ദിവസം കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തുന്നത്. സണ്ണി ഇവിടെ തനിച്ചാണ് താമസിച്ചിരുന്നത്. ചൊവ്വന്നൂർ മുരിങ്ങത്തേരി രാജന്റെ ഉടസ്ഥതയിലുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ടപ്പോൾ സമീപത്ത് താമസിക്കുന്നവർ ഉടമയെ വിവരം അറിയിച്ചു
. ഉടമയെത്തി വാടകക്കാരനായ മരത്തംകോട് സ്വദേശി സണ്ണിയെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. കൃത്യമായ മറുപടിയൊന്നും ഇയാൾ പറഞ്ഞില്ല. മുറിയുടെ പൂട്ട് പൊളിച്ചുനോക്കിയപ്പോഴാണ് കരിപുരണ്ട്, കമിഴ്ന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. വസ്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. കൂടാതെ മുറിയിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വൈകീട്ട് ഏഴരയോടെ തൃശൂർ ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് സണ്ണിയെ പിടികൂടിയത്. കൊല്ലപ്പെട്ടയാളും സണ്ണിയും ശനിയാഴ്ച രാത്രി കുന്നംകുളം ബിവറേജ് പരിസരത്തു നിന്ന് ഒന്നിച്ച് മുറിയിലേക്ക് വരുന്നതിന്റെയും ഞായറാഴ്ച രാവിലെ സണ്ണി തനിച്ച് പുറത്തു പോകുന്നതിന്റെയും ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃശ്ശൂർ ശക്തൻ സ്റ്റാൻഡിന് സമീപത്തു നിന്ന് ഇയാൾ പിടിയിലാകുന്നത്.
അതേസമയം സ്വവർഗ രതിക്കായി സണ്ണി പലരേയും ഈ ക്വാർട്ടേഴ്സിൽ കൊണ്ടുവരാറുണ്ടെന്നും പോലീസ് പറയുന്നു. കൊല്ലപ്പെട്ട വ്യക്തിയും ഇത്തരത്തിൽ നേരത്തേ ഇവിടെ വന്നിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. പിടിവലിക്കിടെ ഇയാളെ ഫ്രൈയിങ് പാൻ ഉപയോഗിച്ച് തലയ്ക്കും മുഖത്തും ശക്തമായി അടിച്ചതിനു ശേഷം ദേഹത്ത് കത്തി ഉപയോഗിച്ച് കുത്തിയും പരുക്കേൽപ്പിച്ചു. തുടർന്നു മരിച്ച ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. കുന്നംകുളം എസ്എച്ച്ഒ ജയപ്രദീപിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനിടെയാണ് സണ്ണിയെ തൃശൂരിൽ നിന്നും പോലീസ് പിടികൂടിയത്.