മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സഞ്ജുവിന് പകരക്കാരനായി ധ്രുവ് ജുറൽ. ഇപ്പോൾ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനമാണ് ജുറലിന് അവസരമൊരുക്കിയത്. അതുപോലെ രോഹിത് ശർമയ്ക്ക് പകരക്കാരനായി ശുഭ്മാൻ ഗിൽ ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനാകും. ഒക്ടോബർ 19ന് ഓസ്ട്രേലിയക്കെതിരെ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ടീമിനെ ഗിൽ നയിക്കും. ബാറ്റർമാരായി രോഹിത് ശർമയും വിരാട് കോലിയും ടീമിൽ തുടരും.
അതേസമയം 2025 ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും ഇന്ത്യൻ ജേഴ്‌സി അണിയുന്നത്. മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ പാനൽ ശനിയാഴ്ച അഹമ്മദാബാദിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവർ സംയുക്തമായി വേദിയാകുന്ന ഏകദിന ലോകകപ്പിന് മുമ്പ് ഗില്ലിന്റെ ക്യാപ്റ്റൻസി സ്ഥിരമാക്കാനാണ് സെലക്ഷൻ കമ്മിറ്റി തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ എന്നിവരുമായി അഗാർക്കർ കൂടിയാലോചന നടത്തിയിരുന്നു. 26 കാരനായ ഗിൽ ഇപ്പോൾ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാണ്. കൂടാതെ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ് ഗിൽ. അതേസമയം ഏകദിനത്തിൽ പരുക്കേറ്റ റിഷഭ് പന്തും ടീമിലില്ല. യശ്വസി ജയ്‌സ്വാൾ ഏകദിന ടീമിൽ തിരിച്ചെത്തി. ശ്രേയസ് അയ്യർ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനാകും. പരുക്കേറ്റ ഹാർദിക് പാണ്ഡ്യക്ക് പകരം ഏകദിന-ടി 20 ടീമിൽ നിതീഷ് കുമാർ റെഡ്ഡിയും ഇടം നേടി.
ഏകദിന ടീം- രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ) , ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, കെഎൽ രാഹുൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറൽ, യശ്വസി ജയ്‌സ്വാൾ.
ഓസ്ട്രേലിയയിൽ നടക്കുന്ന മൂന്ന് ഏകദിന മത്സരങ്ങൾക്ക് ശേഷം, നവംബർ- ഡിസംബർ മാസങ്ങളിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ജനുവരിയിൽ ന്യൂസിലൻഡിനെതിരെയുമുള്ള മൂന്ന് ഏകദിന പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ഒക്ടോബർ 19, 23, 25 തീയതികളിൽ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര. അതേസമയം രണ്ടുവർഷങ്ങൾക്കു മുൻപ് ദക്ഷിണഫ്രിക്കക്കെതിരെയാണ് സഞ്ജു ഏകദിന പാഡണിഞ്ഞത്. അന്ന് സെഞ്ചുറി നേടി കളിയിലെ താരവുമായിരുന്നു. ഏഷ്യാക്കപ്പിലും സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചുവെങ്കിലും ഗിൽ പൂർണ പരാജയമായിരുന്നു.