തൊടുപുഴ: കുടുംബ വഴത്തിനെത്തുടർന്ന് രണ്ടാം ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം കൊക്കയിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജെസിയുടെ ഭർത്താവ് സാമിന് വിദേശ യുവതികളുമായായിരുന്നു കൂടുതൽ അടുപ്പമെന്ന വിവരമാണ് പുറത്തുവരുന്നത്. ജെസിയെ കൊന്ന് കൊക്കയിൽ തള്ളിയ ശേഷം ഇയാൾ പോയത് ഇറാനിയൻ യുവതിക്കൊപ്പം ആഘോഷിക്കാൻ ബെംഗളൂരുവിന്. ഇവർ പലതവണ കാണക്കാരിയിലെ വീട്ടിൽ വന്നിരുന്നതായും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
സാം നിരന്തരം വിദേശ വനിതകളുമായി ബന്ധം സ്ഥാപിച്ചുകൊണ്ടിരുന്നു. വിദേശത്തുനിന്ന് നാട്ടിലെത്തി ട്രാവൽ ആൻഡ് ടൂറിസം ബിരുദ കോഴ്സിന് എംജി യൂണിവേഴ്സിറ്റിയിൽ ചേർന്നതും വിദേശ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സാമിനെ സഹായിച്ചിരുന്നതായാണ് സൂചന. 59-ാം വയസിലായിരുന്നു ട്രാവൽ ആൻഡ് ടൂറിസം കോഴ്സിനു ചേർന്നത്.
ഇത്തരത്തിൽ വിവിധ യുവതികൾ വീട്ടിലെത്തുന്നതിനെച്ചൊല്ലി ജെസിയും സാമും നിരന്തരം കലഹിച്ചിരുന്നു. ജെസി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പും സമാനരീതിയിൽ ഒരു യുവതിയുമായി സാം വീട്ടിൽ എത്തിയിരുന്നു. ഇതേച്ചൊല്ലി ജെസിയും സാമും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.
മക്കളെല്ലാവരും വിദേശത്ത് പോയതോടെ ജെസി ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. താഴെ ഭാഗം ജെസിയും മേലെ ഭാഗം സാമും എന്ന നിലയിലായിരുന്നു വീട്ടിലെ താമസം. ദിവസവും വീട്ടിലേക്ക് വിളിക്കാറുള്ള മക്കൾ അന്നേ ദിവസം പലതവണ വിളിച്ചിട്ടും കിട്ടാതെ വന്നതോടെയാണ് സംശയം തോന്നി പോലീസിൽ പരാതിപ്പെടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അരുംകൊലയുടെ ചുരുളഴിയുന്നത്.
ജെസിയും സാമും തമ്മിൽ വിവാഹം നടന്നത് ബെംഗളൂരുവിൽ വെച്ചാണ്. എന്നാൽ ഇത് നിയമപരമായ വിവാഹം ആയിരുന്നില്ല. മറ്റൊരു ഭാര്യയിൽ കുട്ടി പിറന്ന ദിവസമായിരുന്നു ഇരുവരും ബെംഗളൂരുവിൽ വെച്ച് വിവാഹിതരാകുന്നത്. പിന്നീട് ആദ്യ ഭാര്യയിലുള്ള കുട്ടിയെ വളർത്തിയത് ജെസിയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ‘ജെസിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ സാം ജോർജ് വിവാഹം കഴിച്ചിരുന്നു. അവരിൽ ഒരു കുട്ടി ഉണ്ടായിരുന്നു. ആ കുട്ടി ഉണ്ടായ ദിവസമാണ് ജെസിയെ വിവാഹം കഴിക്കുന്നത്. ബെംഗളൂരുവിലെ വിവേക് നഗറിലുള്ള പള്ളിയിൽ വെച്ചായിരുന്നു ഇരുവരും വിവാഹതരാകുന്നത്. ഇരുവരും മാത്രമായിരുന്നു അന്ന് ചടങ്ങിനുണ്ടായിരുന്നത്.
നിയമപരമായ വിവാഹം ആയിരുന്നില്ല അത്. ഇതിൽ രണ്ട് കുട്ടികളുണ്ട്. ആദ്യത്തെ കുട്ടിയുടെ അമ്മ ആരാണെന്ന് ആ കുട്ടിക്ക് അറിയില്ല. മൂന്നുകുട്ടികളേയും സ്വന്തം മക്കളായി ജെസി വളർത്തിയത്. ജനന സർട്ടിഫിക്കറ്റിലും സ്കൂൾ സർട്ടിഫിക്കറ്റിലും പാസ്പോർട്ടിലുമെല്ലാം ജെസി തന്നെയാണ് അമ്മ’- പ്രദേശവാസി പറയുന്നു.
അതുപോലെ ഇരുവരും വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. ഐടി മേഖലയിലായിരുന്നു സാമിന് ജോലി. ഡേ കെയർ സ്ഥാപനം നടത്തിവരികയായിരുന്നു ജെസി. കുടുംബ പ്രശ്നത്തെത്തുടർന്ന് ഇവർ പിന്നീട് നാട്ടിലേക്ക് വരികയായിരുന്നു. ജെസിയുടെ പണം ഉപയോഗിച്ച് സാമിന്റെ പേരിലായിരുന്നു കാണിക്കാരിയിൽ വീടുവാങ്ങിയത്. ഇതിലും തർക്കമുണ്ടായിരുന്നു. വീട് തനിക്ക് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ജെസി കോടതിയെ സമീപിച്ചിരുന്നു. ഇതോടൊപ്പം തന്നെ വിവാഹമോചനത്തിനും ജെസി കേസ് കൊടുത്തിരുന്നു. തുടർന്ന് രണ്ടുനിലകളുള്ള വീട്ടിൽ ഇരു നിലകളിലായി ഇരുവരോടും താമസിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
അതേസമയം ബെംഗളൂരുവിൽ നിന്നാണ് സാമിനെ പിടികൂടിയത്. ഈ സമയം ഇറാനിയൻ യുവതി ഇയാൾക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവം നടക്കുന്ന ദിവസങ്ങളിൽ ഇറാനിയൻ യുവതി ഈ വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് അഭിഭാഷകൻ പറയുന്നത്. ഇതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. ഇറാനിയൻ യുവതിയോട് ജെസി കാര്യങ്ങൾ പറഞ്ഞിരുന്നു. ഇനി വീട്ടിലേക്ക് വരില്ലെന്ന് പറഞ്ഞാണ് കാണക്കാരിയിലെ വീട്ടിൽ നിന്ന് ഇറാനിയൻ യുവതി മടങ്ങിയത്. എന്നാൽ കൊലപാതകത്തിന് ശേഷം സാമിനെ പിടികൂടുമ്പോൾ ഇവരും കൂടെ ഉണ്ടായിരുന്നുവെന്നാണ് വിവരം.
അതുപോലെ വിവാഹിതരായത് മുതൽ ജെസി നേരിട്ടത് വലിയ പീഡനങ്ങളായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 2008-ൽ സൗദിയിൽ ഒരുമിച്ച് താമസിച്ചിരുന്ന സമയത്ത് മറ്റൊരു വിദേശ വനിതയുമായിട്ടുള്ള ബന്ധം ചോദ്യം ചെയ്തതിന് ക്രൂര പീഡനമാണ് ജെസി നേരിടേണ്ടി വന്നിട്ടുള്ളത്. വാതിലിന്റെ ലോക്ക് ഊരി പലതവണ തലയിൽ അടിച്ചു. ബോധരഹിതയായ ജെസി രണ്ട് മാസത്തോളം വെന്റിലേറ്ററിലായിരുന്നു. പോലീസിനോട് അന്ന് ബാത്ത്‌റൂമിൽ തലയടിച്ച് വീണെന്നാണ് സാം പറഞ്ഞിരുന്നത്.
അഞ്ച് മാസങ്ങൾക്കപ്പുറം ജെസി സ്വബോധത്തോടെ സംസാരിക്കാൻ തുടങ്ങിയപ്പോൾ ഇയാൾ തനിക്ക് പറ്റിയ തെറ്റാണെന്നും ഇനി ആവർത്തിക്കില്ലെന്നും കാലുപിടിച്ച് പറഞ്ഞതോടെ ജെസി പോലീസിൽ പരാതിപ്പെട്ടില്ല. പിന്നീടും ഇയാൾ പലതവണ ഇവരെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴും ഇവൾ മക്കളെ ഓർത്ത് പലതും സഹിക്കുകയായിരുന്നുയെന്ന് ബന്ധുക്കൾ പറഞ്ഞു.