ഗാസ സിറ്റി: വ്യാഴാഴ്ച ഗാസാമുനമ്പിനു നേർക്ക് ഇസ്രയേൽ സേന നടത്തിയ ആക്രമണങ്ങളിൽ ചുരുങ്ങിയത് 52 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിവിൽ ഡിഫൻസ് ഏജൻസിയെയും ഗാസയിലെ വിവിധ ആശുപത്രികളെയും ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇന്നലെ പുലർച്ചെ മുതൽ ഗാസയുടെ വിവിധ ഭാഗങ്ങളെ ലക്ഷ്യമാക്കി ഇസ്രയേൽ ഡ്രോൺ, വ്യോമാക്രമണങ്ങൾ നടത്തിവരികയാണ്. ഇസ്രയേൽ ആക്രമണത്തിൽ ഗാസ സിറ്റിയിൽ മാത്രം ഒരു കുഞ്ഞുൾപ്പെടെ പത്തുപേരാണ് കൊല്ലപ്പെട്ടത്. സെൻട്രൽ ഗാസയിൽ 14 പേരും ഗാസയുടെ തെക്കുഭാഗത്ത് 28 പേരും കൊല്ലപ്പെട്ടു. അതുപോലെ ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് സ്റ്റാഫ് അംഗമായ ഒമർ അൽ ഹയേക് എന്ന ഇരുപത്താറുകാരനും ഉൾപ്പെടുന്നു. സെൻട്രൽ ദെയ്ർ അൽ ബലയിൽ സിവിലിയന്മാരുടെ നേർക്കുണ്ടായ ആക്രമണത്തിലാണ് ഒമർ കൊല്ലപ്പെട്ടതെന്ന് ആശുപത്രി അധികൃതരും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പറഞ്ഞു.
അതേസമയം ഗാസാ നിവാസികളിൽ ചിലർക്ക് ഇസ്രയേലിന്റെ വ്യോമാക്രമണത്തിലും മറ്റുചിലർക്ക് ഡ്രോൺ ആക്രമണത്തിലുമാണ് ജീവൻ നഷ്ടപ്പെട്ടത്. വെടിയേറ്റ് കൊല്ലപ്പെട്ടവരുമുണ്ട്. അൽ ടിന, മൊരാഗ് മേഖലകളിൽ ഭക്ഷണത്തിന് വരിനിൽക്കുന്നവർക്കു നേരെ ഇസ്രയേൽ സൈന്യം വെടിവെപ്പിലും പലർക്കും ജീവൻ നഷ്ടമായെന്നും റിപ്പോർട്ട്.