സിനിമയിൽ നെടുനീളൻ ഡയലോഗുകൾ ഒറ്റശ്വാസത്തിൽ പറഞ്ഞ് ആരാധകരുടെ കൈയ്യടി വാങ്ങിയ നായകൻ അതേ ഭാഷതന്നെ രാഷ്ട്രീയത്തിലുമിറക്കാൻ തുടങ്ങിയതോടെ വിവാദങ്ങളുടെ തൃശൂർ പൂരമാണിപ്പോൾ. മാത്രമല്ല മൈക്ക് കയ്യിൽ കിട്ടിയാൽ വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്ന രീതിയിൽ വിളിച്ചുപറയാൻ തുടങ്ങിയതോടെ ഹീറോയിൽ നിന്ന് സീറോയിലേക്കുള്ള പ്രയാണം വേഗത്തിലാകുമെന്ന കാര്യമുറപ്പ്.
നിലവിൽ തൃശ്ശൂരിലെ കള്ളവോട്ട് സംബന്ധിച്ച സുരേഷ് ഗോപിയുടെ പ്രതികരണമാണ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിമരുന്നിട്ടത്. ശവങ്ങളെ കൊണ്ടു വോട്ട് ചെയ്യിച്ച് ജയിച്ചവന്മാരാണ് ഇത്രയും കാലം നിങ്ങളെ വഹിച്ചുകൊണ്ടിരിക്കുന്നത് എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. ഇടുക്കി ജില്ലയിലെ സംവാദത്തിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിൽ നിന്ന് ഈ വിവാദ പ്രസ്‌താവന ഉണ്ടായത്. ശവങ്ങളെക്കൊണ്ട് വോട്ടു ചെയ്യിച്ചവരാണ് തന്നെ കുറ്റം പറയുന്നത് എന്ന രീതിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
സുരേഷ് ഗോപിയുടെ അപക്വമായ പ്രതികരണങ്ങളിൽ വിമർശനം ഉണ്ടാവുന്നത് ഇതാദ്യമല്ല. പലപ്പോഴും ഒരു പൊതുപ്രവർത്തകൻ എന്നത് മറന്നുകൊണ്ടാണ് സുരേഷ് ഗോപി പൊതുജനത്തോടും മാധ്യമങ്ങളോടും സംസാരിക്കാനുള്ളത്. സിനിമയിൽ ഭരത് ചന്ദ്രൻ സംസാരിക്കുന്ന ഭാഷയിൽ ആകരുത് ഒരു ജനപ്രതിനിധി സംസാരിക്കാൻ ഉള്ളതെന്ന് ഇതുവരെയും സുരേഷ് ഗോപിക്ക് മനസിലായിട്ടില്ല എന്ന് തോന്നുന്നു. വിമർശനങ്ങളോടും പൊതുജനത്തിന്റെ പരാതികളോടുപോലും സുരേഷ് ഗോപിയുടെ ഭാഗത്തുണ്ടാകുന്നത് ഇത്തരത്തിലുള്ള പ്രതികരണങ്ങളാണ്. ”ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിച്ചു ജയിച്ചവന്മാരാണ് ഇത്രയും കാലം നിങ്ങളെ വഹിക്കുന്നത്. 25 വർഷം മുൻപ് അടക്കം ചെയ്ത ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിച്ചു. ബിജെപിക്ക് സ്വാധീനമുള്ള തിരുവനന്തപുരത്തോ പാലക്കാട് അല്ല ഞാൻ ജയിച്ചത്. സ്വാധീനം ഇനി ജനിക്കുക പോലും ഇല്ല എന്നു പറയുന്ന തൃശ്ശൂരിലാണ് താൻ ജയിച്ചത്” എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വിജയിച്ചത് തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെയാണ് എന്ന വിമർശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. തൃശ്ശൂരിൽ ജയിച്ച ജനപ്രതിനിധി എന്ന നിലയിൽ ഈ വിഷയത്തിൽ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്വം സുരേഷ് ഗോപിക്ക് തീർച്ചയായും ഉണ്ട്. എന്നാൽ അതു പറയുന്ന ഭാഷയും രീതിയും ഇതല്ല. ഇവിടുത്തെ ചോദ്യം സുരേഷ് ഗോപി ജയിച്ചത് തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ ആണോ, അല്ലയോ എന്നതാണ്. എന്നാൽ സുരേഷ് ഗോപിയുടെ പ്രതികരണം ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിച്ചവരാണ് നിങ്ങളെ വഹിക്കുന്നത് എന്നതാണ്. സുരേഷ് ഗോപി പറയുന്നതുപോലെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് അദ്ദേഹത്തിന് പാർട്ടി അതിനെതിരെ പിൽകാലങ്ങളിൽ പരാതി നൽകാത്തത്? അതൊക്കെ പോട്ടെ, ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ബിജെപി വോട്ടുമോഷണം നടത്തി എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ സുരേഷ് ഗോപി പറഞ്ഞ വാചകങ്ങൾ എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത് ? ഇവിടത്തെ ചോദ്യം സുരേഷ് ഗോപി ജയിച്ചത് തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ ആണോ അല്ലയോ എന്നതാണ് എന്ന് ഒരിക്കൽ കൂടി ബഹുമാനപ്പെട്ട എം.പിയെ ഓർമിപ്പിക്കുന്നു. ശവങ്ങളെ കൊണ്ടു വോട്ട് ചെയ്യിച്ച് ആരെങ്കിലും ജയിച്ചതായി സുരേഷ് ഗോപിക്ക് കൃത്യമായ ധാരണയുണ്ടെങ്കിൽ അതിനെതിരെ നിയമ നടപടി സ്വീകരിക്കുകയാണ് വേണ്ടത്, അല്ലാതെ തനിക്ക് നേരെ വരുന്ന രാഷ്ട്രീയ വിമർശനത്തെ തടഞ്ഞു നിർത്താൻ ഉള്ള ശേഷി ഇത്തരം സംഭവങ്ങൾക്കില്ലെന്നും അദ്ദേഹം എത്രയും വേഗം മനസ്സിലാക്കുന്നത് നല്ലതായിരിക്കും.
കഴിഞ്ഞ ദിവസം തന്നെ സുരേഷ് ഗോപിയുടെ മറ്റൊരു പരാമർശവും വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഞാൻ കടപ്പെട്ടിരിക്കുന്നത് പ്രജകളുടെ മാത്രമാണ്, രാജ്യസഭ അംഗമായിരുന്നപ്പോൾ ശമ്പളം തൊടാതെ ജനങ്ങളുടെ കഞ്ഞി പാത്രത്തിൽ എത്തിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. നമ്മൾ ജീവിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് എന്ന കാര്യം പലപ്പോഴും അദ്ദേഹം മറന്നു പോകുന്നുണ്ടെന്ന് തോന്നുന്നു. മനുഷ്യരെ പ്രജകളായി കണ്ടിരുന്ന രാജകാലം പോയി, ഏവരെയും പൗരന്മാരായി കാണുന്ന ജനാധിപത്യകാലം സംവിധാനം ഈ രാജ്യത്ത് നിലവിൽ വന്നിട്ട് പതിറ്റാണ്ടുകൾ പലതായി. പ്രിയപ്പെട്ട തൃശൂർ എംപി, താങ്കളുടെ കനിവ് കാത്ത് കഞ്ഞി പാത്രവും നീട്ടി നിൽക്കുകയല്ല ഈ നാട്ടിലെ ജനങ്ങൾ. ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ തന്നെ തിരഞ്ഞെടുക്കുന്ന സംവിധാനമാണ് ജനാധിപത്യം. ഇവിടെ പ്രജകളോ രാജാവും ഇല്ല, പൗരന്മാർ ആർക്കുനേരെയും കഞ്ഞി പാത്രവും നീട്ടി കാത്തിരിക്കുന്നില്ല. ഇവിടെ പൗരന് ലഭിക്കേണ്ട അവകാശങ്ങൾ ഉറപ്പാക്കുക എന്നതാണ് ജനപ്രതിനിധികളുടെ പണി. ഒരു ജനപ്രതിനിധിയും അതിൽ കവിഞ്ഞ് ഒന്നുമല്ല.
ഒരു പൗരൻ എന്ന രീതിയിൽ സുരേഷ് ഗോപിയോട് പറയുവാൻ ഉള്ളത് താങ്കൾ വിശാലമനസ്കതയുള്ള വലിയ മനുഷ്യസ്നേഹിയായി പ്രവർത്തിക്കണം എന്നൊന്നുമല്ല. ഒരു സാധാരണ പൊതുപ്രവർത്തകനായി പ്രവർത്തിച്ചാൽ മാത്രം മതിയാകും. ഒരു വയോധികൻ സുരേഷ് ഗോപിക്ക് നേരെ നിവേദനം വച്ച് കിട്ടുമ്പോൾ ഇതൊന്നും എംപിയുടെ പണിയല്ല പോയി പഞ്ചായത്തിൽ പറയൂ എന്ന് സുരേഷ് ഗോപി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ട് കേവലം ആഴ്ചകൾ മാത്രമേ ആവുന്നുള്ളൂ. വളരെ സാധാരണക്കാരനായ ഒരു മനുഷ്യൻ തന്റെ ഒരു വേദന പറയാൻ വരുമ്പോൾ അത് കേൾക്കാൻ പോലും കൂട്ടാക്കാത്ത സുരേഷ് ഗോപിയുടെ രാഷ്ട്രീയം കേരളത്തിന് സുപരിചിതമായതല്ല. സുരേഷ് ഗോപി എന്ന സിനിമാതാരത്തോട് എന്തെങ്കിലും സഹായം ചോദിച്ചു ചെല്ലുന്നവരല്ല ഇവരൊന്നും, തൃശ്ശൂരിന്റെ ജനപ്രതിനിധിയോട് തങ്ങളുടെ പ്രശ്നങ്ങൾ പറയാൻ എത്തുന്ന ജനങ്ങളാണ്. ഇവയൊന്നും ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല, സുരേഷ് ഗോപിയുടെ ഇത്തരം പ്രവർത്തികൾ പലപ്പോഴായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്തിനധികം പറയുന്നത് മാധ്യമങ്ങളോട് പോലുമുള്ള സുരേഷ് ഗോപിയുടെ സമീപനം വ്യത്യസ്തമല്ലല്ലോ.
കൊടുങ്ങല്ലൂർ നടന്ന കലുങ്ക് സൗഹൃദ സദസ്സിൽ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാനായി സുരേഷ് ഗോപിയോട് സഹായം അഭ്യർത്ഥിച്ച വയോധിയോട് സുരേഷ് ഗോപിയുടെ പ്രതികരണം ചേച്ചി അധികം വർത്തമാനം പറയേണ്ട ഇ.ഡി പിടിച്ചെടുത്ത പണം കിട്ടാൻ മുഖ്യമന്ത്രിയെ സമീപിക്കു എന്നതായിരുന്നു. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റില്ലെന്ന് വയോധിക പറഞ്ഞപ്പോൾ എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ എന്നതായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഇത്തരത്തിൽ പരാതിയുമായി എത്തുന്ന പൊതുജനത്തിന് മറുപടി നൽകുമ്പോൾ അതിൽ നിന്ന് എന്ത് ആനന്ദമാണ് ഇദ്ദേഹത്തിന് ലഭിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. സുരേഷ് ഗോപിക്ക് അദ്ദേഹം പറയുന്നതുപോലെ തന്നെ പല കാര്യങ്ങളും ചെയ്യാൻ കഴിയണമെന്നില്ല, എന്നാൽ പൊതുജനത്തിന്റെ പ്രശ്നം കേൾക്കാനും അവരോട് മര്യാദയോടെ പെരുമാറാനും എംപിയുടെ അധികാരം ആവശ്യമില്ലല്ലോ. സിനിമയിലെ സൂപ്പർഹീറോ ജനപ്രതിനിധിയായപ്പോൾ സൂപ്പർ സീറോ ആയി മാറുകയാണോ എന്ന് സ്വയം ചോദിക്കുന്നത് നന്നാവും.
നാം ജീവിക്കുന്നത് ജനാധിപത്യ രാജ്യത്തിലാണ്. ഇവിടെ പ്രജകളും ഇല്ല രാജാവുമില്ല. കേവലം അഞ്ചു വർഷത്തേക്ക് ജനങ്ങളെ പ്രതിനിധീകരിക്കുക എന്നതാണ് ഒരു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുടെ കർത്തവ്യം. അതു മനസ്സിലാക്കി അത് അനുസരിച്ച് ഇനിയുള്ള കാലം പ്രവർത്തിച്ചാൽ സുരേഷ് ഗോപിക്ക് നല്ലത്. അല്ലെങ്കിൽ എല്ലാം കാണുന്ന എല്ലാ വിലയിരുത്തുന്ന പൊതുജനം നാല് വർഷങ്ങൾ കഴിയുമ്പോൾ സുരേഷ് ഗോപിക്ക് ജനാധിപത്യത്തിന്റെ ഭാഷയിൽ തന്നെ മറുപടി നൽകും