പത്തനംതിട്ട: വിശ്വാസ പ്രശ്നത്തിൽ ഇടത് അനുകൂല നിലപാടെടുത്ത എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കും കെബി ഗണേഷ്കുമാറിനുമെതിരെ പരസ്യ പ്രതിഷേധം തുടരുന്നു. പത്തനംതിട്ട കുമ്പഴ തുണ്ടുമൺകരയിൽ കരയോഗ ഭാരവാഹികളും അംഗങ്ങളും ചേർന്ന് ശരണം വിളിയോടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു.
സുകുമാരൻ നായർക്ക് പിന്തുണ പ്രഖ്യാപിച്ച മന്ത്രി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ആത്മാഭിമാനവും അന്തസുള്ള നായന്മാർ പത്തനംതിട്ടയിലാണ് ഉള്ളത്. ആദ്യ എൻഎസ്എസ് കരയോഗം രൂപീകരിച്ചത് തന്നെ പത്തനംതിട്ടയിലാണ്. ചരിത്രം മന്ത്രി മനസ്സിലാക്കണം എന്നാണ് വിമർശകർ നൽകുന്ന മറുപടി.
അതേസമയം സുകുമാരൻ നായർക്കെതിരെ കടുത്ത വിമർശനം ഉയരുന്നതിനിടെയായിരുന്നു പിന്തുണയുമായി മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്തെത്തിയത്. ഒരു കുടുംബത്തിലെ നാല് നായന്മാർ രാജിവച്ചാൽ എൻഎസ്എസിന്ന് ഒന്നുമില്ല എൻഎസ്എസിനെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ് കാശ് മുടക്കിയാൽ ഏത് “അലവലാതികൾക്കും” ഫ്ലക്സ് അടിച്ച് അനാവശ്യം എഴുതി വെക്കാമെന്നായിരുന്നു ഗണേഷ് കുമാറിന്റെ പരിഹാസം.
സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല, സർക്കാരും എൻഎസ്എസുമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്നും ഗണേഷ് കുമാർ ചോദിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് മന്ത്രി ചരിത്രം പഠിക്കണമെന്ന് പ്രതിഷേധക്കാർ മറുപടി നൽകിയത്.