തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ കൊലവിളിയിൽ നിയമസഭയിൽ ചർച്ചവേണമെന്ന് പ്രതിപക്ഷം. പ്രാധാന്യമുള്ളതല്ലെന്ന് സ്പീക്കർ. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് പരിഗണിക്കാത്തത് സഭയിൽ പ്രതിഷേധത്തിന് ഇടയാക്കി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രാഹുൽ ഗാന്ധിയുടെ നെഞ്ചത്തു വെടിയുണ്ട വീഴുമെന്ന് ബിജെപി വക്താവ് പ്രിന്റു മഹാദേവ് ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടായിരുന്നു അടിയന്തര പ്രമേയം.
പക്ഷെ വിഷയത്തിന് പ്രാധാന്യവും അടിയന്തര സ്വഭാവവും ഇല്ലെന്ന് സ്പീക്കർ എ എൻ ഷംസീർ പറയുകയും അടിയന്തര പ്രമേയ നോട്ടീസ് തള്ളുകയുമായിരുന്നു. പിന്നാലെ സ്പീക്കർ മൈക്ക് ഓഫ് ചെയ്തു. തുടർന്ന് പ്രതിപക്ഷം സഭയിൽ ബഹളം വെക്കുകയായിരുന്നു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധിച്ചു. സ്പീക്കർക്കെതിരെ ബാനർ ഉയർത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചു. സ്പീക്കർ നീതി പാലിക്കണമെന്നും പ്രതിപക്ഷം പറഞ്ഞു.
അതേസമയം അടിയന്തര പ്രമേയ നോട്ടീസ് ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ‘ചാനൽ ചർച്ചയ്ക്കിടയിൽ ബിജെപി നേതാവ് രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട കയറ്റുമെന്ന് പറഞ്ഞു. അത് നിസാരമായ വിഷയമെന്ന് സ്പീക്കർ പറഞ്ഞതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയർത്തുന്നു. അതിൽ സർക്കാർ മറുപടി പറയണ്ടേ. അയാളെ സംരക്ഷിക്കാൻ സർക്കാർ ശ്രമം നടത്തുന്നു. കൊലവിളി നടത്തിയാളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു’, വി ഡീ സതീശൻ പറഞ്ഞു. എന്നാൽ സഭയിൽ ഉന്നയിക്കാൻ തക്ക കാര്യമില്ല എന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. ടി വി ചർച്ചയിൽ എന്തെങ്കിലും പറഞ്ഞാൽ അത് നിയമസഭയിൽ ഉന്നയിക്കാമോയെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷ ബഹളത്തോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി സഭ അടുത്ത മാസം ആറിന് ചേരും.
രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ കൊലവിളി പ്രസംഗത്തിൽ പ്രിന്റു മഹാദേവിനെതിരെ കേസെടുത്തിട്ടുണ്ട്. പേരാമംഗലം പൊലീസാണ് കേസെടുത്തത്. മൂന്നു വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്. കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ, കൊലവിളി പ്രസംഗം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ഒരു ടെലിവിഷൻ ചാനൽ ചർച്ചയ്ക്കിടെ പരസ്യമായി രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി നടത്തുകയായിരുന്നു പ്രിന്റു മഹാദേവ്. രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട വീഴുമെന്നായിരുന്നു ഇയാൾ ചർച്ചയ്ക്കിടെ പറഞ്ഞത്.