തൃശൂർ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നെഞ്ചത്തു വെടിയുണ്ട വീഴുമെന്നു സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ കൊലവിളി നടത്തിയ എബിവിപി മുൻ സംസ്ഥാന പ്രസിഡന്റും ബിജെപി ടീച്ചേഴ്സ് സെൽ സംസ്ഥാന കൺവീനറുമായ പ്രിന്റു മഹാദേവനെതിരെ പോലീസ് കേസെടുത്തു.
സ്കൂൾ അധ്യാപകനായ പ്രിന്റുവിനെതിരെ കലാപാഹ്വാനം അടക്കം ഭാരതീയ ന്യായ സംഹിതയിലെ 192, 352, 351 (2) വകുപ്പുകൾ ചുമത്തിയാണ് പേരാമംഗലം പോലീസ് കേസെടുത്തത്. ലഡാക്കിലെ പ്രക്ഷോഭത്തെക്കുറിച്ചു നടന്ന ചാനൽ ചർച്ചയിലാണു പ്രിന്റുവിന്റെ പ്രകോപന പരാമർശം.
കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാർ പേരാമംഗലം പോലീസിനു നൽകിയ പരാതിയിലാണു നടപടി. നാട്ടിൽ അരാജകത്വം സൃഷ്ടിച്ചു കലാപം നടത്താനുള്ള ശ്രമമാണിതെന്നു പരാതിയിൽ പറയുന്നു.