കോഴിക്കോട്: കോഴിക്കോട് ചേവരമ്പലത്ത് വീണ്ടും മോഷണം. ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തി തുറന്ന് 40 പവൻറെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ അനസ്തേഷ്യ ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് ഇന്നു പുലർച്ചെ മോഷണം നടന്നത്. കള്ളന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അതേസമയം രണ്ടാഴ്ചക്കിടെ രണ്ടാമത്തെ മോഷണമാണ് ഈ പ്രദേശത്ത് നടക്കുന്നത്. കഴിഞ്ഞ ദിവസം ആളില്ലാത്ത വീട്ടിൽ നിന്ന് 25 പവനോളം സ്വർണം കവർന്നിരുന്നു. ഈ കേസിൽ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും മോഷണം.
ഡോക്ടറും കുടുംബവും മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി സ്വദേശമായ തിരുവനന്തപുരത്തേക്ക് പോയതായിരുന്നു. ഇന്ന് ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഇന്ന് പുലർച്ചെ 1.55ന് വീടിന്റെ മതിൽ ചാടി കടന്ന കള്ളൻ, മുൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കടക്കുകയായിരുന്നു. തുടർന്ന് കിടപ്പുമുറിയിലെ അലമാരയിലും മേശയിലുമായി സൂക്ഷിച്ച 40 പവനോളം വരുന്ന സ്വർണാഭരണങ്ങൾ ഇയാൾ മോഷ്ടിക്കുകയായിരുന്നു. ഈ മാസം പതിനൊന്നാം തീയതി മുതൽ ഡോക്ടറുടെ വീട് പൂട്ടിക്കിടക്കുകയായിരുന്നു.