ന്യൂഡൽഹി: എച്ച് 1 ബി വിസാ ഫീസിൽ വ്യക്തത വരുത്തി അമേരിക്ക. ആളുകൾ തിരക്കു കൂട്ടണ്ടെന്നും പുതുക്കിയ നിരക്ക് പുതിയ അപേക്ഷകർക്ക് മാത്രമാവും ബാധകമാവുകയെന്നും യുഎസ് അഡ്മിനിസ്‌ട്രേഷൻ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. നിലവിൽ രാജ്യത്തുള്ളവരോ പുറത്തുള്ളവരോ മടങ്ങാൻ തിരക്ക് കൂട്ടേണ്ടതില്ലെന്നുെ മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
അതേസമയം എച്ച്-1ബി വിസകൾക്ക് പുതുതായി പ്രഖ്യാപിച്ച 100,000 ഡോളർ വാർഷിക ഫീസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അമേരിക്കൻ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റും വ്യക്തമാക്കി. ഈ ഫീസ് ഒറ്റ തവണത്തേക്ക് മാത്രം ഈടാക്കുന്നതാണ്. ഇത് പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂവെന്നും വർഷം തോറും ഈടാക്കില്ലെന്നും അവർ ട്വീറ്റ് ചെയ്തു. മാത്രമല്ല നിലവിലെ എച്ച്-1ബി വിസ പുതുക്കുമ്പോൾ ഈ ഫീസ് നൽകേണ്ടതില്ലെന്നും അവർ പറഞ്ഞു, നിലവിലെ വിസ ഉടമകൾക്ക് അമേരിക്കയിൽ താമസിക്കുന്നതിനും അമേരിക്കയിൽ നിന്ന് പുറത്തുപോകുന്നതിനും തിരികെ വരുന്നതിനും മറ്റ് തടസങ്ങളില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എച്ച് 1 ബി വിസാ ഫീസ് ഒരുലക്ഷം രൂപ ഡോളറാക്കി ഉയർത്തുകയും ഇന്നു മുതൽ പ്രാബല്യത്തിലാക്കുകയും ചെയ്യുമെന്ന് അറിയിച്ചതിന് പിന്നാലെ ഇന്ത്യക്കാരായ യാത്രക്കാർ കടുത്ത ആശങ്കയിലായിരുന്നു. ദുർഗാ പൂജയോടനുബന്ധിച്ചു നാട്ടിലേക്ക് വരാൻ തയ്യാറെടുത്തിരുന്ന പലരും ടിക്കറ്റ് റദ്ദാക്കുന്ന സ്ഥിതിയായിരുന്നു. ഫീസ് വർധനയ്ക്ക് പിന്നാലെ ഇന്ത്യയിൽ നിന്നും യുഎസിലേക്ക് നേരിട്ടുള്ള വിമാനടിക്കറ്റ് നിരക്കും വിമാനക്കമ്പനി കുത്തനെ ഉയർന്നിരുന്നു.
അതേസമയം അമേരിക്കയിൽ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നവർക്കാണ് പുതിയ തീരുമാനം തിരിച്ചടിയാവുക. ഒരു ലക്ഷം ഡോളർ (ഏകദേശം 88 ലക്ഷം രൂപ)ആയാണ് ഭരണകൂടം ഒറ്റയടിക്ക് ഉയർത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് ജോലി തേടി യുഎസിലേക്ക് പോകുന്ന ഐടി ജീവനക്കാരെയാണ് പ്രഖ്യാപനം ഏറ്റവും പ്രതികൂലമായി ബാധിക്കുക. അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും യുഎസ് ട്രഷറിയുടെ വരുമാനം ഉയർത്തുന്നതിനുമാണ് എച്ച്-1 ബി വിസ ഫീസ് ഉയർത്തിയതെന്നാണ് ട്രംപ് ഭരണകൂടം അറിയിച്ചത്.
ഇതിലൂടെ ട്രംപ് ഭരണകൂടം ഉദ്ദേശിക്കുന്നത് ഉയർന്ന വരുമാനമുള്ളവരെയും പണക്കാരെയും രാജ്യത്തേക്ക് എത്തിക്കുകയാണ് എന്നതാണ്. കുറഞ്ഞ ഫീസ് ചുമത്തിയിരുന്നതിനാൽ അമേരിക്കയിലെ പല ചെറിയ തസ്തികകളിൽ പോലും തദ്ദേശീയർക്ക് ജോലി ലഭിക്കാത്ത സാഹചര്യങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങളുണ്ടാകാൻ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്ന് ഫീസ് വർധന പ്രഖ്യാപനം നടത്തിയ അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് വ്യക്തമാക്കി.