തിരുവനന്തപുരം: കേരളത്തിലെ ഡ്രൈവിങ് ലൈസൻസിന്റെ മൂല്യം ഉയർത്തുന്നതിനായി അടിമുടി മാറ്റങ്ങളുമായി സംസ്ഥാനത്തിന്റെ ഗതാഗത വകുപ്പ്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് സംസ്ഥാനത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ലൈസൻസ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കിയത്. ഇതിനു പുറമേ ലേണേഴ്‌സ് ലൈസൻസ് പരീക്ഷയും കഠിനമാകുമെന്ന് മോട്ടോർ വാഹന വകുപ്പ്. ഇതിനായി ലേണേഴ്‌സ് പരീക്ഷയിലെ ചോദ്യങ്ങളുടെയും ശരിയാക്കേണ്ട ഉത്തരങ്ങളുടെയും എണ്ണം വർധിപ്പിക്കും.
മുൻപ് 20 ചോദ്യങ്ങളിൽ നിന്ന് 12 എണ്ണം ശരിയാക്കുന്നവർക്ക് ലേണേഴ്‌സ് ലൈസൻസ് അനുവദിക്കുന്നതായിരുന്നു രീതി. എന്നാൽ, പുതിയ പരിഷ്‌കാരം അനുസരിച്ച് നൽകിയിട്ടുള്ള 30 ചോദ്യങ്ങളിൽ 18 എണ്ണത്തിന് ശരിയായ ഉത്തരം നൽകിയാൽ മാത്രമായിരിക്കും ലേണേഴ്‌സ് പരീക്ഷ ജയിച്ചതായി കണക്കാക്കൂ. എന്നാൽ മുമ്പ് ഒരു ചോദ്യത്തിന് ഉത്തരം നൽകാൻ 15 സെക്കന്റ് ആയിരുന്നു നൽകിയിരുന്നതെങ്കിൽ പുതിയ സംവിധാനത്തിൽ 30 സെക്കന്റ് ലഭിക്കും.
അതുപോലെ ലൈസൻസ് എടുക്കാൻ അപേക്ഷിച്ചിരുന്നയാൾക്ക് ഡ്രൈവിങ് സ്‌കൂൾ മുഖേനയാണ് ലേണേഴ്‌സ് ടെസ്റ്റിനുള്ള ചോദ്യോത്തരങ്ങൾ അടങ്ങിയിരുന്ന പുസ്തകം നൽകിയിരുന്നത്. എന്നാൽ, മോട്ടോർ വാഹന വകുപ്പിന്റെ ലീഡ്‌സ് എന്ന ആപ്ലിക്കേഷനിൽ ഇനി മുതൽ ലേണേഴ്‌സ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപ്പെടെയുള്ള സിലബസ് നൽകുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
കൂടാതെ ചോദ്യോത്തരങ്ങൾക്കൊപ്പം ലീഡ്‌സ് ആപ്പിൾ നൽകിയിട്ടുള്ള മോക്ക് ടെസ്റ്റിൽ പങ്കെടുത്ത് വിജയിക്കുന്നവർക്കായി റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റും മോട്ടോർ വാഹന വകുപ്പ് അനുവദിക്കും. ഈ സർട്ടിഫിക്കറ്റ് നേടുന്നയാളുകൾക്ക് ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പ്രീ ഡ്രൈവിങ് ക്ലാസിൽ പങ്കെടുക്കാതെ തന്നെ നേരിട്ട് റോഡ് ടെസ്റ്റിലും മറ്റും പങ്കെടുക്കാനാകും. അതേസമയം ഡ്രൈവിങ് പരിശീലിപ്പിക്കുന്നയാളുകൾ, ലൈസൻസ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർ എന്നിവർ നിർബന്ധമായും ഈ ടെസ്റ്റ് പാസാകണം.