തിരുവനന്തപുരം: മാർത്താണ്ഡം കരുങ്കലിനു സമീപം നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ അമ്മ അറസ്റ്റിൽ. 42 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ കരുങ്കൽ പാലൂർ കാട്ടുവിള സ്വദേശി ബെനിറ്റ ജയ അന്നാൾ (21) ആണ് അറസ്റ്റിലായത്. ദിണ്ഡിഗൽ സ്വദേശി കാർത്തിക്കുമായുള്ള വിവാഹത്തെത്തുടർന്ന് ദമ്പതികൾ അവിടെ താമസിക്കുകയായിരുന്നു.
പെൺകുഞ്ഞ് ജനിച്ചതിനെ തുടർന്ന് കുഞ്ഞുമായി നാട്ടിൽ എത്തിയ ബെനിറ്റ തന്റെ മാതാപിതാക്കൾക്കൊപ്പമാണ്. ഭർത്താവ് തന്നേക്കാൾ സ്നേഹം കുട്ടിയോട് പ്രകടിപ്പിച്ചതിലെ പകയാണ് കൊലയ്ക്കു കാരണമെന്ന് യുവതി പോലീസിനു മൊഴി നൽകി.
കഴിഞ്ഞ ദിവസം പുലർച്ചെ ഭാര്യയെയും കുഞ്ഞിനെയും കാണാനായി നാട്ടിൽ എത്തിയ കാർത്തിക് കാണുന്നതു കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നതാണ്. ഉടൻതന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയതാകാമെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. തുടർന്നാണ് ബെനിറ്റ ജയയെ അറസ്റ്റ് ചെയ്തത്.