ലോകത്തെ ആദ്യ എഐ മന്ത്രിയെ നിയമിച്ചിരിക്കുകയാണ് അൽബേനിയ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖല കൈകാര്യം ചെയ്യുന്നതിനുള്ള മന്ത്രിയെ നിയമിച്ചതാണെന്ന് കരുതിയെങ്കിൽ തെറ്റി. ഇത് ആ മന്ത്രിയല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച വിർച്വൽ മന്ത്രിയാണ് അൽബേനിയയിൽ അധികാരമേറ്റിരിക്കുന്നത്. ഡിയേല (Diella) എന്നാണ് പേര്.
വെറുതെ പ്രദർശനത്തിന് വേണ്ടിയല്ല ഈ ഉദ്യമം. അൽബേനിയൻ (Albania) ഭരണകൂടം കാര്യമായി തന്നെയാണ്. രാജ്യത്തെ പൊതുഭരണകാര്യങ്ങളും പൊതുചെലവുകളും നിരീക്ഷിക്കാനും അഴിമതി തുടച്ചുനീക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. സെപ്റ്റംബർ 11 ന് ടിറാനയിൽ നടന്ന സോഷ്യലിസ്റ്റ് പാർട്ടിയുടെ അസംബ്ലി ചടങ്ങിലാണ് എഐ മന്ത്രിയെ അവതരിപ്പിച്ചത്.രാജ്യത്ത് ഒരിക്കൽ ഒരു ഡിജിറ്റൽ മന്ത്രിയോ എഐ പ്രധാനമന്ത്രിയോ ഉണ്ടാകുമെന്ന് അൽബേനിയൻ പ്രധാനമന്ത്രി എഡി റാമ കഴിഞ്ഞ വർഷം പറഞ്ഞിരുന്നുവെങ്കിലും അത് ഇത്രവേഗം യാഥാർഥ്യമാവുമെന്ന് ആരും കരുതിയിരുന്നില്ല. അൽബേനിയൻ മന്ത്രിസഭയിലെ മനുഷ്യനല്ലാത്ത ഏക അംഗമാണ് ഇപ്പോൾ ഡിയേല.
മന്ത്രിയെന്ന നിലയിൽ സുപ്രധാന ചുമതലകളാണ് സർക്കാർ ഡിയേലക്ക് നൽകിയിരിക്കുന്നത്. സർക്കാർ സ്വകാര്യ കമ്പനികൾക്ക് നൽകുന്ന എല്ലാ ടെൻഡറുകളും ചെലവുകളും കമ്പനികളുടെ യോഗ്യതയും ഇനി ഡിയേല പരിശോധിക്കും. ടെൻഡറുകൾക്കായി ലോകത്തെവിടെ നിന്നും യോഗ്യരായ ആളുകളെ കണ്ടെത്താനും ഡിയേലയ്ക്ക് അധികാരമുണ്ട്.
ടെൻഡറുകൾ നൽകുന്നതിൽ മനുഷ്യരായ മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്നുണ്ടാകുന്ന മുൻവിധികളും താത്പര്യങ്ങളും ഒഴിവാക്കാൻ ഇതുവഴി സാധിക്കും. മാത്രവുമല്ല ഈ മന്ത്രിക്ക് ശമ്പളം വേണ്ട.പോലീസിന്റേയും പട്ടാളത്തിന്റേയും അകമ്പടിയോ ആവശ്യമില്ല. ഏൽപിച്ച പണി കൃത്യമായി ചെയ്യും. കൈക്കൂലി വാങ്ങുമെന്ന ഭയവും വേണ്ട.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കഥാപാത്രമായ (AI Character) ഡിയേലക്ക് മനുഷ്യരുടെ മേൽനോട്ടം ആവശ്യമാണോ എന്നത് സംബന്ധിച്ച വിവരങ്ങൾ സർക്കാർ പങ്കുവെച്ചിട്ടില്ല.