റായ്പുർ: ഛത്തീസ്ഗഡിലെ ഗരിയാബന്ദിൽ സുരക്ഷാസേന വധിച്ച മാവോയിസ്റ്റുകളിൽ മുതിർന്ന മാവോയിസ്റ്റ് കമാൻഡർ മൊദേം ബാലകൃഷ്ണയും ഉൾപ്പെട്ടതായി പോലീസ്. തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിട്ടുള്ള സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ നേതാവായ മൊദേം ബാലകൃഷ്ണയും ഉൾപ്പെട്ടതായി പോലീസ് അറിയിക്കുകയായിരുന്നു.
മൈൻപുർ പോലീസ് സ്റ്റേഷനു കീഴിലെ വനമേഖലയിലാണ് മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടിയതെന്ന് റായ്പുർ റെയ്ഞ്ച് ഐജി അംരേഷ് മിശ്ര പറഞ്ഞു. ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.സ്പെഷ്യൽ ടാസ് ഫോഴ്സ്, കോബ്ര, സംസ്ഥാന പോലീസ് എന്നിവരുടെ സംയുക്ത സംഘമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
10 പേരെ വധിച്ചതു കൂടാതെ 26 പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ബുധനാഴ്ച നാരായൺപുർ ജില്ലയിൽ 16 മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു. ‘പൊള്ളയായ’ മാവോയിസ്റ്റ് ആശയങ്ങളിലും നിഷ്കളങ്കരായ ആദിവാസികളോട് അവർ ചെയ്യുന്ന ക്രൂരതകളിലും നിരാശരായാണ് മാവോയിസ്റ്റുകൾ കീഴടക്കിയതെന്ന് നാരായൺപുർ പൊലീസ് സൂപ്രണ്ട് റോബിൻസൺ ഗുരിയ പറഞ്ഞു.
അതേസമയം മാവോയിസ്റ്റ് കന്ധമാൽ–കാലാഹണ്ടി–ബൗധ്–നായാഗഡ് (കെകബിഎൻ) വിഭാഗത്തെ നയിച്ചിരുന്നയാളാണ് മൊദേം ബാലകൃഷ്ണ. തെലങ്കാനയിലെ വാറാങ്കൽ ജില്ലയിലാണ് ബാലകൃഷ്ണ ജനിച്ചത്. ബാലണ്ണ, രാമചന്ദർ, ഭാസ്കർ എന്നീ പേരുകളിലും അറിയപ്പെടുന്ന ബാലകൃഷ്ണ സിപിഐ മാവോയിസ്റ്റിന്റെ ഒഡിഷ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായിരുന്നു. എൺപതുകളിൽ ബാലകൃഷ്ണ മാവോയിസ്റ്റ് പ്രസ്ഥാനത്തിലെത്തപ്പെടുകയായിരുന്നു.
തലയ്ക്ക് 8 ലക്ഷം രൂപ വിലയിട്ടിരുന്ന മറ്റൊരു മാവോയിസ്റ്റിനെ ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ കാങ്കെർ ജില്ലയിൽ ചൊവ്വാഴ്ച വധിച്ചിരുന്നു. ഛത്തീസ്ഗഡിൽ ഈ വർഷം ഇതുവരെ 241 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു.