കൊച്ചി: കേരളത്തിലെ സാമൂഹിക സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഐഐടി പാലക്കാടിന്റെ ടെക്നോളജി ഇന്നവേഷൻ ഹബ്ബായ ഐപിടിഐഎഫും (IIT Palakkad Technology IHub Foundation), ബ്യുമെർക് ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷനും ചേർന്ന് ധാരണാപത്രം ഒപ്പുവെച്ചു. സാമൂഹിക നവീകരണത്തിനായുള്ള സംരംഭകത്വ പിന്തുണ പരിപാടി ഉടൻ ആരംഭിക്കും.
ഐഐടി പാലക്കാട് ഡയറക്ടറും ഐപിടിഐഎഫ് ചെയർമാനുമായ പ്രൊഫ. എ. ശേഷാദ്രി ശേഖറും ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ. ബാലചന്ദ്രനും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റി-ഡയറക്ടർ സബിത വർമ്മ ബാലചന്ദ്രൻ, സിഒഒ കെ.വി. വിനയരാജൻ, ഐഐടി പാലക്കാട് ഡീൻ പ്രൊഫ. ശാന്തകുമാർ മോഹൻ, ഐപിടിഐഎഫ് സിഇഒ ഡോ. സായിശ്യാം നാരായണൻ, സിഒഒ ഡോ. റിജേഷ് കൃഷ്ണ, മാനേജർ ഡോ. രാജേശ്വരി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനത്തെ സാങ്കേതികവിദ്യാ നവീകരണ രംഗത്ത് സാമൂഹിക സ്വാധീനം വർദ്ധിപ്പിക്കാൻ ഈ ദീർഘകാല സഹകരണം സഹായിക്കുമെന്ന് പ്രൊഫ. എ. ശേഷാദ്രി ശേഖർ പറഞ്ഞു.
‘ദിശ’ പദ്ധതിയിലൂടെ സംരംഭകർക്ക് കൈത്താങ്ങ്- സംരംഭത്തിന്റെ ഭാഗമായി ‘ഹ്യൂമാനിറ്റേറിയൻ അഡ്വാൻസ്‌മെൻ്റിനായുള്ള നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുക’ എന്ന ലക്ഷ്യത്തോടെ DISHA (Driving Innovative Solutions for Humanitarian Advancement) എന്ന പുതിയ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണം, ഗ്രാമീണ വികസനം, സുസ്ഥിരത, ഡിജിറ്റൽ ഇൻക്ലൂഷൻ തുടങ്ങിയ നിർണായക മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും ഇന്നൊവേറ്റർമാർക്കും ഈ പദ്ധതി പിന്തുണ നൽകും.
അതുപോലെ തിരഞ്ഞെടുക്കപ്പെടുന്ന 10 സംരംഭകർക്ക് ‘ദിശ എൻ്റർപ്രണർ-ഇൻ-റസിഡൻസ് (EiR) ഫെലോഷിപ്പ്’ ലഭിക്കും. ഇതിലൂടെ സാങ്കേതികവും ബിസിനസ് സംബന്ധവുമായ മാർഗനിർദ്ദേശങ്ങൾ, പ്രോട്ടോടൈപ്പിംഗ് പിന്തുണ, ഐഐടി പാലക്കാടിന്റെ അത്യാധുനിക പ്രോട്ടോടൈപ്പിംഗ്, ടെസ്റ്റിംഗ് സൗകര്യങ്ങൾ എന്നിവയും ലഭ്യമാക്കും. ഒപ്പം സീഡ് ഫണ്ടിംഗും നൽകും.
ഇതുകൂടാതെ, സാമൂഹിക രംഗത്ത് മികച്ച സംഭാവനകൾ നൽകിയ മൂന്ന് പേർക്ക് ‘ബ്യുമെർക് നവ ദിശ പുരസ്‌കാരം’ നൽകി ആദരിക്കും. ഇവർക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ സാമൂഹിക മാറ്റങ്ങൾ വികസിപ്പിക്കുവാൻ സാമ്പത്തികമായ മറ്റ് പിന്തുണയും ലഭിക്കും. അക്കാദമിക മേഖല, വ്യവസായം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന ദ്യഢമായ പാലമായി ഈ പദ്ധതി മാറുമെന്ന് ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ. ബാലചന്ദ്രൻ വ്യക്തമാക്കി. ദിശ ഇഐആർ. ഫെലോഷിപ്പിനും ബ്യുമെർക് നവ ദിശ പുരസ്‌കാരത്തിനും വേണ്ടിയുള്ള അപേക്ഷകൾ ഐപിടിഐഎഫ് പ്രത്യേകം ക്ഷണിക്കും.