സിപിഎമ്മും സിപിഐയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. സിപിഎമ്മിന്റെ നയവ്യതിയാനങ്ങളൊട് ഉള്ള എതിർപ്പ് പല സന്ദർഭങ്ങളിലും പ്രകടിപ്പിച്ചിട്ടുള്ള സിപിഐ ഇപ്പോൾ സംസ്ഥാന സമ്മേളനത്തിലും കടുത്ത വിമർശനം ഉയർത്തുകയാണ്. ഒന്നാമത്തെ കാര്യം ബി ജെ പിയോടുള്ള സിപിഎമ്മിന്റെ മൃദുസമീപനത്തെ കുറിച്ചാണ്. നരേന്ദ്ര മോദി സർക്കാരിന്റേത് നവഫാസിസ്റ്റ് ലക്ഷണങ്ങൾ ആണെന്ന സി പി എമ്മിന്റെ പ്രതികരണത്തെ വിമർശിച്ച സിപിഐ, മോഡി സർക്കാർ ഫാസിസ്റ്റ് തന്നെ ആണെന്ന് ഉറപ്പിച്ചു പറയുകയാണ് ചെയ്യുന്നത്.
സിപിഎം കേന്ദ്രകമ്മിറ്റി മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാന ഘടകങ്ങൾക്ക് അയച്ച രഹസ്യ രേഖയിലാണ് മോഡി സർക്കാർ നവ ഫാസിസ്റ്റ് ലക്ഷണങ്ങൾ പ്രകടമാക്കുന്നു എന്ന് പറഞ്ഞത്. രണ്ടു മുൻ പാർട്ടി കോൺഗ്രസുകളിലും ഉണ്ടായിരുന്ന നിലപാട് സിപിഎം തിരുത്തി. സിപിഎമ്മിന്റെ ഈ നിലപാട് മയപ്പെടുത്തലിനെയാണ് സിപിഐ എതിർക്കുന്നത്. നിലപാട് മയപ്പെടുത്തേണ്ട വിധം ഒരു ഭയം സിപിഎമ്മിനുണ്ടെന്നും അവർ കരുതുന്നു, ബിജെപിയോടുള്ള നിലപാടിൽ മാത്രമല്ല വലിയേട്ടൻ ചെറിയേട്ടൻ പാർട്ടികൾ തമ്മിൽ കലഹം നടക്കുന്നത്. എൽഡിഎഫ് ഭരണത്തിലെ പാളിച്ചകളും റിപ്പോർട്ടിൽ തുറന്നു കാട്ടുന്നുണ്ട്. പിണറായി സർക്കാരിന് തിരുത്താൻ ഉണ്ടെന്നാണ് വിമർശനം. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുതൽ സംയമനത്തോടെ കൈകാര്യം ചെയ്യണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് എതിരെയാണ് പ്രധാന വിമർശനം. നാല് വർഷ ബിരുദം നടപ്പിലാക്കിയത്തിലെ പാളിച്ചകൾ, ഗവർണറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉന്നത വിദ്യാഭ്യസ മേഖലയെ നിരന്തര സംഘർഷത്തിലേക്ക് തള്ളിവിട്ടത് തുടങ്ങിയവയെല്ലാം ഉന്നത വിദ്യാഭ്യസവകുപ്പിലെ പോരായ്മകൾ ആയി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് കുറച്ചു കൂടി സംയമനത്തോടെ കൈകാര്യം ചെയ്യപ്പെടണമെന്നാണ് സിപിഐ പറയുന്നത്.
മുന്നണി സംവിധാനത്തിൽ സിപിഐ ഒതുക്കപ്പെടുന്നു എന്ന സങ്കടവും റിപ്പോർട്ട് പങ്കുവെയ്ക്കുന്നുണ്ട്. സിപിഐ കൈകാര്യം ചെയ്യുന്ന കൃഷി വകുപ്പിനും ഭക്ഷ്യവകുപ്പിനും പണം അനുവദിക്കുന്നില്ല എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സിപിഐ വകുപ്പുകൾ പരാജയമാണെന്ന് വരുത്തിത്തീർക്കാനുള്ള സി പി എം താല്പര്യമാണ് ഇതെന്നും വ്യാഖ്യാനമുണ്ട്. എൽ ഡി എഫ് ഭരണത്തിൽ വന്ന ശേഷം സി പി ഐ- സി പി എം തർക്കം ഇത് ആദ്യമായല്ല. പല വിഷയങ്ങളിലും ഇരുകൂട്ടരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമാണ്. കാനം രാജേന്ദ്രൻ ജീവിച്ചിരുന്നപ്പോൾ പാർട്ടി സെക്രട്ടറി എന്ന നിലയിൽ ഭിന്നിപ്പുകൾ പല വേദികളിലും പരസ്യമായി തന്നെ പറഞ്ഞിരുന്നു.
തുടർഭരണം സിപിഎമ്മിനെ അഹങ്കാരത്തിന്റെ പരകോടിയിൽ എത്തിച്ചു എന്ന വിലയിരുത്തലാണ് സി പി ഐ ക്കു പൊതുവെ ഉള്ളത്. ഇത് പ്രാദേശികമായി ഭരണം കയ്യാളുന്ന പല സ്ഥലങ്ങളിലും ഇരുകൂട്ടരും തമ്മിൽ വിയോജിപ്പുകൾ ശക്തമാണ്. നേതൃത്വം ഈ വിഷയങ്ങളിൽ ഇടപെടുന്നില്ല എന്ന പരാതിയും സി പി ഐ പ്രാദേശിക നേതാക്കൾക്കും ജനപ്രതിനിധികൾക്കും ഉണ്ട്. നേതൃത്വം സി പി എമ്മിനോട് സമരസപ്പെടുകയും അവർ നൽകുന്ന സ്ഥാനങ്ങൾ കൊണ്ട് തൃപ്തിപ്പെടുകയുമാണ് ചെയ്യുന്നതെന്നും വാദമുണ്ട്. ഇതിലെ അമർഷം ജില്ലാ സമ്മേളനങ്ങളിൽ പ്രകടമായിരുന്നു. ഈ വികാരം ഉൾക്കൊണ്ടുള്ള റിപ്പോർട്ട് ആണ് അവതരിപ്പിക്കപ്പെടുന്നത്.
സമഗ്ര ഭൂപരിഷ്കരണത്തിന്റെ 50ാം വാർഷികാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുൻ മുഖ്യമന്ത്രിയും സിപിഐ നേതാവുമായ സി അച്യുതമേനോന്റെ പടം ഒഴിവാക്കിയത് സി പി ഐ യുടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. 1957 ൽ ഭൂപരിഷ്ക്കരണ കമ്മിറ്റിയുടെ കൺവീനർ അച്യുത മേനോൻ ആയിരുന്നു. നിയമം നടപ്പിലാക്കുമ്പോൾ മുഖ്യമന്ത്രിയും സി അച്യുതമേനോൻ ആയിരുന്നു. യാഥാർഥ്യങ്ങൾ ഇങ്ങനെ ആയിരിക്കെ നിയമനിർമ്മാണത്തിൽ ഇഎംസിന്റെയും കെആർ ഗൗരിയമ്മയുടെയും പങ്കും ഭൂമിക്ക് വേണ്ടി എകെജി നടത്തിയ പ്രക്ഷോഭവും ആലപ്പുഴയിലെ മഹാസമ്മേളനവും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർഷികാഘോഷത്തിൽ സംസാരിച്ചത്. ഇത് സിപിഐ യുടെ കടുത്ത വിയോജിപ്പിനു കാരണമായിരുന്നു.