കൊച്ചി: മദ്യപിച്ച് വാഹന പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ പിടികൂടി പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ. എറണാകുളം ആർടി ഓഫീസിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.എസ്. ബിനുവിനെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരേ പോലീസ് കേസ് എടുത്തു
ബുധനാഴ്ച രാത്രി പത്തുമണിയോടെ തൃക്കാക്കര തോപ്പിൽ ജങ്ഷനിലായിരുന്നു സംഭവം. ഇവിടെ ഒരു യുവതിയും കുടുംബവും മത്സ്യവിൽപന നടത്തിവരികയായിരുന്നു. മത്സ്യവിൽപന നടത്തുന്നതിനായി തൊട്ടടുത്ത് തന്നെ ഒരു ഓട്ടോറിക്ഷ കിടക്കുന്നുണ്ടായിരുന്നു. ഇത് ആരുടെ ഓട്ടോ ആണെന്ന് ചോദിച്ചപ്പോൾ തന്റെ ഭർത്താവിന്റേതാണെന്ന് യുവതി മറുപടിനൽകി. ഇതോടെ, ഓട്ടോയുമായി ബന്ധപ്പെട്ട് ഒരു പരാതിയുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. യാത്രക്കാരെ കയറ്റേണ്ട വാഹനത്തിൽ ഗുഡ്സ് കയറ്റി എന്നാണ് പരാതിയെന്നും മൂവായിരം രൂപ പിഴയടക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
പക്ഷെ ഉദ്യോഗസ്ഥന്റെ മട്ടിലും ഭാവത്തിലും പന്തികേട് തോന്നിയ നാട്ടുകാർ ഇടപെടുകയായിരുന്നു. ഇതോടെയാണ് ഇയാൾ മദ്യപിച്ചിട്ടുണ്ട് എന്ന് മനസിലാകുന്നത്. കൂടാതെ ഇയാൾ യൂണിഫോമിലും ആയിരുന്നില്ല. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മദ്യപിച്ചിട്ടുണ്ടെന്നുള്ള കാര്യം വ്യക്തമായത്. സംഭവത്തിൽ മോശമായി സംസാരിച്ചതടക്കം ചൂണ്ടിക്കാണിച്ച് മത്സ്യവിൽപ്പന നടത്തിയിരുന്ന കുടുംബം തൃക്കാക്കര പോലീസിൽ പരാതി അറിയിച്ചിട്ടുണ്ട്. അതേസമയം ഉദ്യോഗസ്ഥൻ ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നോ എന്നുള്ളതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്. വിഷയത്തിൽ മോട്ടോർ വാഹന വകുപ്പിൻറെ വിശദീകരണവും വരേണ്ടതുണ്ട്.