മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും വന്‍ ഹിറ്റുകളുടെ ഭാഗമായ പാന്‍ ഇന്ത്യന്‍ നടന്‍ ഫഹദ്ഫാസില്‍ ഇനി ഒന്നിക്കാന്‍ പോകുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ വന്‍ഹിറ്റുകളായ രണ്ടു സിനിമകളുടെ പേരില്‍ അറിയപ്പെടുന്ന സംവിധായകന്റെ ടീമിനൊപ്പം. ’96’, ‘മെയ്യഴകന്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ പ്രേം കുമാര്‍, നടന്‍ ഫഹദ് ഫാസിലുമായി ഒരു പുതിയ ആക്ഷന്‍ ത്രില്ലറിനായി കൈകോര്‍ക്കുന്നതായിട്ടാണ് ഏറ്റുവം പുതിയ വിവരം. പ്രഖ്യാപനം ഇരുവരുടെയും ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.
പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് 2026 ജനുവരിയില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന വിവരം ഒരു അഭിമുഖത്തില്‍ സംവിധായകന്‍ പ്രേം കുമാര്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ”എന്റെ അടുത്ത ചിത്രം ഫഹദ് ഫാസിലിനൊപ്പമാണ്. ഇതൊരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും, എങ്കിലും എന്റെ സിനിമകളിലെ വൈകാരികമായ സ്പര്‍ശം ഇതിനുമുണ്ടാകും. കഥയുടെ 45 മിനിറ്റ് ഭാഗം ഞാന്‍ ഫഹദിനോട് വിവരിച്ചു, അദ്ദേഹത്തിന് അത് വളരെയധികം ഇഷ്ടപ്പെട്ടു.” ചിത്രത്തിന്റെ കഥയെക്കുറിച്ചോ മറ്റ് അഭിനേതാക്കളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഈ പ്രഖ്യാപനം തന്നെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
ഫഹദിന്റെ അഭിനയ മികവും പ്രേം കുമാറിന്റെ സംവിധാന പരിചയവും ഒരുമിക്കുമ്പോള്‍ ഒരു മികച്ച സിനിമാനുഭവം പ്രതീക്ഷിക്കാം. ഈ വര്‍ഷം ആദ്യം, നടന്‍ ചിയാന്‍ വിക്രമിനൊപ്പം ഒരു ചിത്രം ചെയ്യുമെന്ന് പ്രേം കുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇഷാരി കെ ഗണേഷിന്റെ വേല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ ആയിരുന്നു ഈ ചിത്രം നിര്‍മ്മിക്കേണ്ടിയിരുന്നത്. എന്നാല്‍ ആ പ്രോജക്റ്റ് വൈകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വിക്രമിന്റെ ചിത്രത്തിന് മുന്‍പ് ഫഹദുമായുള്ള സിനിമയില്‍ പ്രേം കുമാര്‍ പ്രവര്‍ത്തിക്കും.
തമിഴില്‍ ‘മാരീസന്‍’ എന്ന ചിത്രത്തിലാണ് ഫഹദ് ഫാസില്‍ അവസാനമായി അഭിനയിച്ചത്. ഈ ചിത്രത്തില്‍ കോമഡി ഇതിഹാസം വടിവേലുവുമായി അദ്ദേഹം രണ്ടാം തവണയാണ് ഒന്നിച്ചത്. ഈ സിനിമയ്ക്ക് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിലാണ് ഫഹദ് ഫാസില്‍ അവസാനമായി അഭിനയിച്ചത്.