ചെന്നൈ: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിയിൽ നേരത്തെയുണ്ടായിരുന്ന സംശങ്ങൾ ഊട്ടിയുറപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആർഎസ്എസ് സൈദ്ധാന്തികൻ എസ് ഗുരുമൂർത്തി. കേന്ദ്ര സർക്കാർ ജഗ്ദീപ് ധൻകറിനെ ഇംപീച്ച് ചെയ്യാൻ ഒരുങ്ങിയിരുന്നെന്നും അതോടെയാണ് ധൻകർ രാജിവെച്ചതെന്നുമാണ് ഗുരുമൂർത്തിയുടെ വെളിപ്പെടുത്തൽ. ഒരു അഭിമുഖത്തിലായിരുന്നു ഗുരുമൂർത്തിയുടെ വെളിപ്പെടുത്തൽ.
അതേസമയം അനാരോഗ്യം ചൂണ്ടിക്കാണിച്ചായിരുന്നു നേരത്തെ ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി പദവി രാജിവെച്ചതെന്നാണ് കേന്ദ്രം വെളിപ്പെടുത്തിയത്. എന്നാൽ ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിക്ക് കാരണം കേന്ദ്രസർക്കാരുമായുള്ള ഭിന്നതയെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഡൽഹിയിലെ വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമക്കെതിരായ ഇംപീച്ച്മെന്റ് നടപടിയിൽ കേന്ദ്ര സർക്കാരും ജഗ്ദീപ് ധൻകറും രണ്ട് ധ്രുവങ്ങളിലായതാണ് രാജിയിലേക്കു നയിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇംപീച്ച്മെൻ്റ് നടപടികൾക്ക് മുൻകൈ എടുക്കുമെന്ന് കേന്ദ്രസർക്കാർ ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകറിനെ അറിയിച്ചിരുന്നു. ഇതിനിടെ ഇംപീച്ച്മെൻ്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവെച്ച പ്രമേയം ധൻകർ സ്വീകരിക്കുകയായിരുന്നു. ഇത് കേന്ദ്രസർക്കാരിൽ വലിയ അതൃപ്തിയുണ്ടാക്കിയെന്നും, അവ മൂർച്ഛിച്ചതോടെ ധൻകർ പൊടുന്നനെ രാജി പ്രഖ്യാപിച്ചുവെന്നുമായിരുന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
അതേപോലെ സ്വന്തം നിലയിൽ പ്രമേയം സ്വീകരിക്കരുത് എന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ നിരവധി തവണ ജഗ്ദീപ് ധൻകറിനെ കണ്ടിരുന്നു. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, രാജ്യസഭാ കക്ഷി നേതാവ് ജെ പി നദ്ദ തുടങ്ങിയവർ ധൻകറിനോട് കുറച്ചുകൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായിത്തന്നെ, ഇരുസഭകളിലും ഇത്തരത്തിലൊരു പ്രമേയം കേന്ദ്രസർക്കാർ തന്നെ അവതരിപ്പിക്കുമെന്നും ധൻകറിനെ അറിയിച്ചിരുന്നു. എന്നാൽ ഇതു മുഖവിലയ്ക്കെടുക്കാതെ പ്രതിപക്ഷ എംപിമാരുടെ പ്രമേയത്തിന് ധൻകർ പ്രാധാന്യം നൽകിയതാണ് ഇരുകൂട്ടരും തമ്മിലുള്ള ബന്ധം വഷളാക്കിയതെന്ന വിവരമാണ് പുറത്ത് വന്നത്. രാജിക്ക് തൊട്ട് മുൻപ് വരേയും ധൻകർ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ യശ്വന്ത് വർമയ്‌ക്കെതിരായ പ്രമേയവും ചർച്ചയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കൂടിക്കാഴ്ചയുടെ വിവരങ്ങൾ ധൻകർ പുറത്തുപറയാൻ തയ്യാറായിരുന്നില്ല. ഇതോടെ ധൻകർ പ്രതിപക്ഷത്തിന് അമിത പ്രാധാന്യം നൽകുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരുന്നു.
അതേസമയം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 21ന് രാത്രിയോടോയാണ് ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജി.