തൃശ്ശൂര്‍: പോലീസ് സ്‌റ്റേഷനില്‍ ബിജെപി നേതാവിന്് ക്രൂരമര്‍ദ്ദനമേറ്റ സംഭവം പോലീസുകാരില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി ബിജെപി തന്നെ ഒതുക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. കുന്നംകുളത്തെ ബിജെപി നേതാവായ മുരളിയെ പൊലീസ് മര്‍ദിച്ച സംഭവത്തിന്റെ ദൃശ്യങ്ങളും സന്ദീപ് വാര്യര്‍ പുറത്തുവിട്ടു. കേസ് ബിജെപി അട്ടിമറിച്ചുവെന്നും പറഞ്ഞു.
മര്‍ദനമേറ്റ നേതാവിന് 10 ലക്ഷം രൂപ നല്‍കി പൊലീസുകാര്‍ പരാതി ഒതുക്കിയതായി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കഴിഞ്ഞ ദിവസം ബിജെപി കൗണ്‍സിലര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. കുന്നംകുളം സിഐ ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ പ്രതികളായ എഫ്ഐആര്‍ ഒരു ദിവസംകൊണ്ട് അപ്രത്യക്ഷമായെന്നും പറഞ്ഞു. ആരോപണം നടത്തിയിട്ടുള്ളത് ബിജെപിയുടെ കൗണ്‍സിലര്‍ തന്നെയാണെന്നും ബിജെപി നേതൃത്വം മറുപടി പറയണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.
പൊലീസുകാര്‍ക്ക് എതിരായ എഫ്ഐആര്‍ ഹൈക്കോടതിയില്‍ പോയി ഒത്തുതീര്‍പ്പാക്കി ക്വാഷ് ചെയ്യുകയാണ് ചെയ്തതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ബിജെപി കുന്നംകുളം മുനിസിപ്പല്‍ പ്രസിഡന്റ് ആയിരുന്നു മുരളി. കള്ളപ്പണ ഇടപാടാണ് നടന്നത്. ബിജെപി കൗണ്‍സിലറുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യണം. ബിജെപി സംസ്ഥാന നേതൃത്വം മറുപടി പറയണം.
ബിജെപി മുന്‍ മുനിസിപ്പല്‍ പ്രസിഡന്റിനെ 2017 നവംബറില്‍ പൊലീസ് മര്‍ദിച്ച വിഷയമായിരുന്നു കൗണ്‍സിലര്‍ ബിനു ഉന്നയിച്ചത്. വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തശേഷം സ്റ്റേഷനിലെ സിസിടിവി ഇല്ലാത്ത സ്ഥലത്തുവെച്ച് മര്‍ദിക്കുകയും ചെയ്തശേഷം പൊലീസുകാരെ അക്രമിച്ചെന്ന കുറ്റം ചുമത്തി പിന്നീട് റിമാന്‍ഡ് ചെയ്തു. ബിജെപി നേതാക്കളുടെ സഹായത്തോടെ നിയമനടപടി തുടങ്ങി. ഇതോടെയാണ് കേസ് ഒതുക്കാന്‍ പൊലീസ് ശ്രമം ആരംഭിച്ചതെന്നും ബിനു പറയുന്നു.
നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞെങ്കിലും പരാതിക്കാരന്‍ തയ്യാറാകാതെ വന്നതോടെ തുക ഇരട്ടിയാക്കി. ഇത്രയും പണം പൊലീസിന് എവിടെ നിന്നും ലഭിച്ചുവെന്നതില്‍ ആശങ്കയുണ്ടെന്നുമായിരുന്നു ബിനു പറഞ്ഞത്.