ദോഹ: ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥൻ അടക്കം ആറ് പേർ കൊല്ലപ്പെട്ടതായാണ് ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്. കൊല്ലപ്പെട്ടവരിൽ ഖാലിദ് അൽ-ഹയ്യയുടെ മകനും അടുത്ത സഹായിയും ഉൾപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. ഇസ്രയേലുമായുള്ള വെടിനിർത്തൽ ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത് ഖലീൽ അൽ ഹയ്യയാണ്. അതേസമയം പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണെന്നാണ് ഹമാസ് വ്യക്തമാക്കുന്നു.
ആക്രമണം നടക്കുമ്പോൾ ഹമാസിൻ്റെ പ്രധാന നേതാക്കൾ ഇസ്രയേൽ ലക്ഷ്യം വെച്ച കെട്ടിടത്തിൽ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അധിനിവേശത്തിന്റെ ക്രിമിനൽ സ്വഭാവവും ഒരു കരാറിലെത്താനുള്ള സാധ്യതകളെ ദുർബലപ്പെടുത്താനുള്ള ഇസ്രയേലിൻ്റെ ആഗ്രഹവും വെളിപ്പെടുത്തുന്നതാണ് ഇസ്രയേലിൻ്റെ ആക്രമണമെന്നും ഹമാസ് കുറ്റപ്പെടുത്തി.
അതേസമയം ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയ്ക്ക് സമീപം ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥരീകരിച്ചിരുന്നു. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇസ്രയേൽ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് വ്യക്തമാക്കുന്നുണ്ട്.