വാഷിങ്ടണ്‍: ലൈംഗിക്കുറ്റവാളി ജെഫ്രി എപ്സ്റ്റീന് ജന്മദിനാശംസ നേര്‍ന്ന് ഡൊണാള്‍ഡ് ട്രംപ് അയച്ചതെന്ന് പറയപ്പെടുന്ന അശ്ലീലക്കുറിപ്പ് പുറത്തുവിട്ട് ഡെമോക്രാറ്റിക് അംഗങ്ങള്‍. എപ്സ്റ്റീനെതിരായ അന്വേഷണം നടത്തുന്ന യുഎസ് പ്രതിനിധി സഭയുടെ മേല്‍നോട്ട സമിതിയിലെ ഡെമോക്രാറ്റ് അംഗങ്ങളാണ് ട്രംപിന്റെ അശ്ലീലച്ചുവയോടെയുള്ള ആശംസ കുറിപ്പ് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇത്തരമൊരു ആശംസാസന്ദേശം താന്‍ അയച്ചിട്ടില്ലെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. ഇതിനുപിന്നാലെയാണ് ട്രംപ് അയച്ചതെന്ന് ആരോപിക്കപ്പെടുന്ന കുറിപ്പ് പുറത്തുവന്നിരിക്കുന്നത്.സ്ത്രീയുടെ നഗ്‌നചിത്രം വരച്ച് അതില്‍ കുറിപ്പെഴുതി ഡൊണാള്‍ഡ് ട്രംപ് എപ്സ്റ്റീന് ജന്മദിനാശംസ നേര്‍ന്നതായി വോള്‍സ്ട്രീറ്റ് ജേണല്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യം അപ്പാടെ നിഷേധിച്ച ട്രംപ് വോള്‍സ്ട്രീറ്റ് ജേണലിനെതിരേ ആയിരം കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ചെയ്തു. പ്രസ്തുത കുറിപ്പ് 2003-ല്‍ എപ്സ്റ്റീന് ജന്മദിനാംശ നേര്‍ന്ന് ട്രംപ് അയച്ചതാണെന്നാണ് പറയപ്പെടുന്നത്. നഗ്‌നയായ സ്ത്രീയുടെ രേഖാചിത്രത്തില്‍ ഡൊണാള്‍ഡ് ട്രംപും എപ്സ്റ്റീനും തമ്മിലുള്ള സംഭാഷണമാണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. സ്ത്രീയുടെ സ്വകാര്യഭാഗത്ത് ട്രംപിന്റെ ഒപ്പും ചേര്‍ത്തിട്ടുണ്ട്. എല്ലാദിവസവും മറ്റൊരു അത്ഭുതകരമായ രഹസ്യമാകട്ടെയെന്ന് പറഞ്ഞ് ട്രംപ് എപ്സ്റ്റീന് ആശംസനേരുന്നതും കുറിപ്പിലുണ്ട്.
അതേസമയം, പുറത്തുവന്ന കുറിപ്പിന്റെ ആധികാരികത വൈറ്റ് ഹൗസ് നിഷേധിച്ചു. ഡൊണാള്‍ഡ് ട്രംപ് ഇങ്ങനെയൊരു ചിത്രം വരച്ചിട്ടില്ലെന്നും അദ്ദേഹം അതില്‍ ഒപ്പിട്ടിട്ടില്ലെന്നും വ്യക്തമാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. ഇക്കാര്യത്തില്‍ ട്രംപിന്റെ സംഘം നിയമനടപടികള്‍ തുടരുമെന്നും കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി.
നിരവധി പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത എപ്സ്റ്റീന്‍ 2006-ലാണ് അറസ്റ്റിലായത്. 2008-ല്‍ ഒരുകേസില്‍ വിചാരണ പൂര്‍ത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിചാരണ കാത്ത് കഴിയുന്നതിനിടെയാണ് 2019 ഓഗസ്റ്റ് പത്തിന് ഇയാളെ ജയിലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.