പുൽപള്ളി: പുൽപ്പള്ളിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മീനംകൊല്ലി കനിഷ്ക നിവാസിൽ കനിഷ്ക ( 15) മുൻപും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായി പൊലീസ്. അച്ഛനും അമ്മയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു കനിഷ്ക. അടുത്തിടെ പെൺകുട്ടിയെ സ്കൂൾ മാറ്റിയിരുന്നു.
കൂട്ടുകാരെ വിട്ടുപിരിയേണ്ടിവന്നതും വിഷമത്തിനിടയാക്കി. മുത്തച്ഛനും മുത്തശ്ശിക്കും പിതാവിനുമൊപ്പമാണ് കനിഷ്ക താമസിക്കുന്നത്. അമ്മ മറ്റൊരു വീട്ടിലാണ് താമസം. ശനിയാഴ്ച മീനംകൊല്ലിയിൽ നടന്ന ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്ന കുട്ടിയെ നാട്ടുകാരും വീട്ടുകാരും തിരയുന്നതിനിടെയാണു വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഇന്നലെ ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
ആന്ധ്രയിൽ നിന്നു കുടിയേറി മീനംകൊല്ലിയിൽ താമസിക്കുന്ന നിർമാണത്തൊഴിലാളികളായ കുമാറിന്റെയും വിമലയുടെയും മകളായ കനിഷ്ക പടിഞ്ഞാറത്തറ ഹൈസ്കൂളിലാണു പഠിക്കുന്നത്. നേരത്തെ പുൽപ്പള്ളി സ്കൂളിലാണ് പഠിച്ചിരുന്നത്. ഓണാവധിക്കു ശേഷം ഇന്നലെ പടിഞ്ഞാറത്തറയിലെ സ്കൂളിൽ കൊണ്ടുവിടാനിരുന്നതാണ്. മരണത്തിനു പിന്നിൽ സംശയങ്ങൾ ഉള്ളതായി പ്രദേശവാസികൾ പറയുന്നു.