കണ്ണനല്ലൂർ: കൊല്ലത്ത് പോലീസ് സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾക്കു മുന്നിൽ വിചിത്ര അറിയിപ്പുമായി കണ്ണനല്ലൂർ പോലീസ് സ്റ്റേഷൻ. പോലീസ് സ്റ്റേഷനിൽ സേവനങ്ങൾക്കായി വരുന്ന പൊതുജനങ്ങൾ അനുമതി വാങ്ങിയ ശേഷം അകത്തു പ്രവേശിച്ചാൽ മതിയെന്ന അറിയിപ്പാണ് സ്റ്റേഷനിലുള്ളിലെ ഗ്ലാസിൽ പതിപ്പിച്ചിരിക്കുന്നത്.
സ്റ്റേഷന് മുന്നിൽ പതിപ്പിച്ചിരിക്കുന്ന നോട്ടീസ് ഇങ്ങനെ-
‘പോലീസ് സ്റ്റേഷനിൽ സേവനങ്ങൾക്കായി വരുന്ന പൊതുജനങ്ങൾ സ്റ്റേഷൻ വാച്ച് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വിവരം ധരിപ്പിച്ച് സമ്മതത്തോടുകൂടി മാത്രമേ അകത്ത് പ്രവേശിക്കാൻ പാടുള്ളു’.
അതേസമയം സ്റ്റേഷനിൽ സ്ഥലപരിമിതിയുണ്ടെന്നും പരാതിയുമായും അല്ലാതെയും നിരവധി പേർ വരുന്നതിനാലാണ് നോട്ടീസ് പതിച്ചതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കഴിഞ്ഞ ദിവസം പരാതിക്കാർക്കൊപ്പം എത്തിയ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ കണ്ണനല്ലൂർ സിഐ മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നതും ഇവിടെയാണ്. ഒരു കുടംബപ്രശ്‌നവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ മധ്യസ്ഥ ചർച്ചയ്ക്ക് എത്തിയ തന്നെ സി ഐ ഉപദ്രവിച്ചെന്നായിരുന്നു സജീവ് ആരോപിച്ചത്. കൂടാതെ പരാതി പറയാനെത്തിയ പെൺകുട്ടിയോട് പോലീസ് അപമര്യാദയായി പെരുമാറിയെന്നും സജീവ് പറഞ്ഞിരുന്നു. പരാതിക്കാരിയായ പെൺകുട്ടിയെ ‘എടീ’ എന്നാണ് എസ്ഐ വിളിച്ചത്. കുടുംബപ്രശ്നം പരിഹരിക്കാനുള്ള ഇടമല്ല പോലീസ് സ്റ്റേഷനെന്നും പെൺകുട്ടിയോട് എസ്ഐ പറഞ്ഞതായും സജീവ് ആരോപിച്ചിരുന്നു.