കോഴിക്കോട്: വിവാദപ്രസംഗത്തിന്റെ പേരില്‍ സമസ്ത ഇ.കെ. വിഭാഗം നേതാവ് ഡോ. ബഹാവുദ്ദീന്‍ നദ്‌വിക്കെതിരേ സിപിഐഎം പ്രപ്രതിഷേധം. പണ്ഡിത വേഷം ധരിച്ച നാറിയെന്നാണ് സിപിഐഎം വിശേഷിപ്പിച്ചത്. ഇഎംഎസിനെയും ജനപ്രതിനിധികളെയും അവഹേളിച്ചു എന്നാരോപിച്ചാണ് നദ്വിക്കെതിരെ പ്രതിഷേധം നടന്നത്.
കോഴിക്കോട് മടവൂരില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കവെ ഇഎംഎസിന്റെ മാതാവ് 11 വയസ്സുള്ളപ്പോള്‍ വിവാഹിതയായ ആളാണെന്ന് പറഞ്ഞ് കൗമാര വിവാഹത്തെ ന്യായീകരിക്കുകയും മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും ഭാര്യയ്ക്ക് പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടെന്ന് ആക്ഷേപിക്കുകയും ചെയ്തതാണ് സിപിഐഎമ്മിനെ ചൊടിപ്പിച്ചത്.
ഇസ്‌ളാമിക വിശ്വാസത്തില്‍ പുരുഷന്റെ ആരോഗ്യസ്ഥിതിയും താല്‍പ്പര്യവും അനുസരിച്ച് ഒന്നിലധികം ഭാര്യമാരെ അനുവദിക്കുന്നുണ്ടെന്നും നദ്‌വി പറഞ്ഞു. മടവൂരില്‍ നടന്ന പ്രതിഷേധത്തില്‍ പണ്ഡിത വേഷം ധരിച്ച നാറിയാണ് നദ്വിയെന്ന് സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. അഖില്‍ അഹമ്മദ് വിമര്‍ശിച്ചത്.
” ഇവര്‍ക്കൊക്കെ ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍ വൈഫ് ഇന്‍ചാര്‍ജ്ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാവില്ല എന്നാണ് നദ്വി പറഞ്ഞത്. ഇവരൊക്കെ ബഹുഭാര്യത്വത്തെ എതിര്‍ത്ത് സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അമ്മ 11 വയസ്സിലാണ് വിവാഹം ചെയ്തതെന്നും നദ്വി പറഞ്ഞിരുന്നു. ‘കഴിഞ്ഞ നൂറ്റാണ്ടില്‍ സജീവമായി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ച നേതാവായിരുന്നു ഇഎംഎസ്. അദ്ദേഹത്തിന്റെ അമ്മയെ കെട്ടിച്ചത് 11-ാം വയസിലാണ്.
പതിനഞ്ചാം നൂറ്റാണ്ടിലേക്കൊന്നും പോകണ്ട. ഇത് ഇരുപതാം നൂറ്റാണ്ടിലെ സംഭവമാണ്. ഇനി ബഹുഭാര്യാത്വത്തെക്കുറിച്ച് പറഞ്ഞാല്‍, നമ്മുടെ നാട്ടിലെ പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഒക്കെ ഒരു ഭാര്യയെ ഉണ്ടാകൂ. പക്ഷെ ഇന്‍ ചാര്‍ജ് ഭാര്യമാര്‍ വേറെയുണ്ടാകും. വൈഫ് ഇന്‍ ചാര്‍ജ് എന്ന പേര് പറയില്ലെന്ന് മാത്രം. അങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ എത്രയാളുകള്‍ ഉണ്ടാകും?’-എന്നാണ് നദ്വി പറഞ്ഞത്.