ബെയ്ജിങ്: ഇന്ത്യയും റഷ്യയുമായുള്ള ബന്ധത്തെ ബഹുമാനിക്കുന്നുവെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഷഹബാസ് ഷരീഫുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു ഈ പരാമർശം. ന്യൂഡൽഹിയും മോസ്കോയുമായുള്ള ബന്ധം തികച്ചും നല്ല രീതിയിലാണെന്നും റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ തങ്ങൾക്കും ആഗ്രഹമുണ്ടെന്ന് ഷെരീഫ് പറഞ്ഞു.
‘മേഖലയുടെ വികസനത്തിനും പുരോഗമനത്തിനുമായി ശക്തമായ ബന്ധങ്ങളുണ്ടാക്കാൻ ഞങ്ങളും ആഗ്രഹിക്കുന്നു.’പുടിൻ വളരെ ഊർജസ്വലനായ നേതാവാണ്. അദ്ദേഹവുമായി അടുത്തു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു- ഷഹബാസ് ഷരീഫ് പറഞ്ഞു.
രണ്ടാം ലോകയുദ്ധത്തിൽ ചൈന ജപ്പാനെ പരാജയപ്പെടുത്തിയതിന്റെ 80ാം വാർഷികത്തിന്റെ ഭാഗമായി നടന്ന പരേഡിന് സാക്ഷ്യം വഹിക്കാനെത്തിയതായിരുന്നു ഇരു നേതാക്കളും. ഷാങ്ഹായ് ഉച്ചകോടിക്കു ശേഷം പുട്ടിനും ഷെരീഫും ചൈനയിൽ തുടരുകയായിരുന്നു. അതേസമയം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് യുഎസ് ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തിയ സാഹചര്യത്തിലാണ് അമേരിക്കയോട് അടുത്ത ബന്ധം പുലർത്തുന്ന പാക്കിസ്ഥാന്റെ പുതിയ പ്രസ്താവന.

















































