ബെംഗളൂരു: വെറുമൊരു മുഖം മൂടിക്കാരനും ഒരാൾ, 80 വയസുള്ള സ്ത്രീയും ചേർന്ന് കർണാടകയെന്ന സംസ്ഥാനത്തേയും നീതിന്യായ വ്യവസ്ഥയേയും പൊട്ടൻകളിപ്പിച്ച് മുൾമുനയിൽ നിർത്തിയത് ദിവസങ്ങളോളം. മുഖംമൂടി ധരിപ്പിച്ച് പോലീസ് തെളിവെടുപ്പിന് എത്തിച്ച ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി സി.എൻ.ചിന്നയ്യ, ധർമ സ്ഥലയിലെ ക്ഷേത്രത്തിലെത്തിയ മകളെ കാണാനില്ലെന്ന പരാതിയുമായി രംഗത്തെത്തി കോളിളക്കം സൃഷ്ടിച്ചത് സുജാതഭട്ടെന്ന വയോധിക എന്നിവർ ചേർന്ന് പോലീസിനും കോടതിക്കും തലവേദന സൃഷ്ടിച്ചുവെങ്കിലും ഒടുവിൽ പരിസമാപ്തി വന്നിരിക്കുകയാണ്.
താൻ ശുചീകരണ തൊഴിലാളിയായിരുന്ന സമയത്ത് ധർമസ്ഥലയിൽ കൊലപാതക പരമ്പരകൾ നടന്നെന്നായിരുന്നു ചിന്നയ്യയുടെ ആദ്യ വെളിപ്പെടുത്തൽ. ധർമസ്ഥലയിൽ മഞ്ജുനാഥ ക്ഷേത്രം അധികാരികളുടെ ഭീഷണിക്കുവഴങ്ങി നൂറിലേറെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ രാജ്യത്തെ ഞെട്ടിച്ചുകളഞ്ഞു. പിന്നാലെ, മുൻകൂട്ടി തയാറാക്കിയ തിരക്കഥയുമായി സുജാതഭട്ടും രംഗത്തെത്തി. തന്റെ മകളെ കാണാനില്ലെന്ന ആരോപണവുമായാണ് ഇവരെത്തിയത്.
എന്നാൽ നീണ്ട നാളത്തെ അന്വേഷണത്തിനൊടുവിൽ ഇരുവരുടെയും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. അന്വേഷണങ്ങൾ നടക്കുന്നതിനിടയിൽ ചിന്നയ്യയുടെ വാദങ്ങൾ പൊളിച്ചത് മൊഴിയിലെ വൈരുധ്യവും ഹാജരാക്കിയ തെളിവുകളുമാണ്. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടേതെന്ന പേരിൽ ചിന്നയ്യ ഒരു തലയോട്ടി പോലീസിനു മുന്നിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഇതു പുരുഷന്റെ തലയോട്ടിയാണെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായത് വഴിത്തിരിവായി. ഇതോടെ അന്വേഷണ സംഘത്തിന് സംശയമായി. മൃതദേഹങ്ങൾ കുഴിച്ചിട്ടതായി ചിന്നയ്യ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങൾ കുഴിച്ചു പരിശോധിക്കുന്നതിനൊപ്പം ഇയാളുടെ താമസ സ്ഥലത്ത് പോലീസ് അന്വേഷണം നടത്തിയിരുന്നു.
അന്വേഷണത്തിനിടിൽ ഇയാൾ പ്രശസ്തിക്കായാണ് ഇത്തരം ആരോപണം ഉന്നയിച്ചതെന്നാണ് ഭാര്യ പോലീസിനോട് പറഞ്ഞത്. കൂടാതെ മാനസികപ്രശ്നങ്ങളുണ്ടെന്നും ഭാര്യ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ, തലയോട്ടി മറ്റൊരിടത്തുനിന്ന് സംഘടിപ്പിച്ചതാണെന്ന് ഇയാൾ തുറന്നു പറഞ്ഞു. മനുഷ്യാവശിഷ്ടങ്ങളുടെ ഫൊറൻസിക് പരിശോധനാ ഫലങ്ങളും ചിന്നയ്യയുടെ വാദങ്ങൾക്ക് എതിരായിരുന്നു. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്തു.
വിവാദ വെളിപ്പെടുത്തൽ നടത്തിയ ശേഷം അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ചിന്നയ്യ, തലയോട്ടിയും അസ്ഥിഭാഗങ്ങളും തെളിവായി ഹാജരാക്കിയിരുന്നു. ഈ തലയോട്ടി കുഴിച്ചെടുത്തതുമായി ബന്ധപ്പെട്ടും പൊരുത്തക്കേടുകൾ കണ്ടെത്തിയെന്ന് എസ്ഐടി വ്യക്തമാക്കി. 1998–2014 ൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന ചിന്നയ്യയുടെ വെളിപ്പെടുത്തലിൽ ജൂലൈ 3ന് ആണ് കോടതി നിർദേശ പ്രകാരം അന്വേഷണം ആരംഭിച്ചത്. ജൂലൈ 19ന് എസ്ഐടിക്കു കൈമാറി. 17 സ്ഥലങ്ങളിൽ കുഴിച്ചു പരിശോധിച്ചതിൽ രണ്ടിടത്തു നിന്നാണ് അസ്ഥിഭാഗങ്ങൾ കിട്ടിയത്. ഇതിന്റെ ഫൊറൻസിക് റിപ്പോർട്ടും തുടരന്വേഷണത്തിൽ നിർണായകമാകുമെന്ന് അന്വഷണ സംഘം വ്യക്തമാക്കുന്നു.
അതേസമയം താൻ നടത്തിയ ആരോപണങ്ങൾ തെറ്റായിരുന്നെന്ന് സുജാതഭട്ട് തുറന്നു പറഞ്ഞു. 2003ൽ മകളെ ധർമസ്ഥലയിൽ കാണാതായെന്നാരോപിച്ചതു കള്ളമാണെന്നും ചിലരുടെ ഭീഷണിക്കു വഴങ്ങിയാണ് അതു ചെയ്തതെന്നും സുജാത ഭട്ട് മാധ്യമങ്ങളോട് പറഞ്ഞു. അങ്ങനെ ഒരു മകളേ ഇല്ലെന്നും ധർമസ്ഥലയോടും ജനങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്നും ഇവർ യൂ ട്യൂബ് ചാനലിൽ പറഞ്ഞതോടെ കേസ് നാടകീയ വഴിത്തിരിവായി.
സുജാതയുടെ മകൾ അനന്യ ഭട്ടിനെ കാണാതായെന്നു പോലീസിൽ പരാതി നൽകിയ സുജാതയോട് രേഖകളുമായി എസ്ഐടി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടതോടെയാണ് ഈ മലക്കംമറിച്ചിൽ. തുടർന്നു മകളെ കാണാതായെന്ന പരാതി കെട്ടിച്ചമയ്ക്കാൻ സ്വത്ത് പ്രശ്നം കാരണം ചിലർ സമ്മർദം ചെലുത്തുകയായിരുന്നു. അനന്യയെന്ന മകൾ ഉണ്ടെന്നും മംഗളൂരുവിലും മണിപ്പാലിലും മെഡിക്കൽ വിദ്യാർഥിനിയായിരുന്നു എന്നും പറഞ്ഞത് നുണയാണെന്നാണ്. കൂടാതെ തനിക്ക് ശാരീരിക ബുദ്ധിമുട്ടുകാരണം അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ സാധിക്കില്ലെന്നും മറ്റൊരു ദിവസം ഹാജരാകാമെന്നും ഇവർ അന്വേഷണ സംഘത്തെ അറിയിച്ചു.