‘ന്യൂഡൽഹി: ‘എന്താണ് സംഭവിച്ചതെന്ന് എന്തുകൊണ്ടാണ് എന്നോട് നീ പറയാത്തത്? എന്തിനാണ് നീ എന്നെ വിട്ടുപോയത്? നീ എന്തിനാണ് ഇത് ചെയ്തത്? ലോകം എന്നെ കൊലയാളി എന്ന് വിളിക്കുന്നു നിക്കി…’ ഭാര്യയെ മകനു മുന്നിലിട്ടു തീകൊളുത്തിക്കൊന്ന കേസിൽ അറസ്റ്റിലായ യുവാവ്, പോലീസിന്റെ പിടിയിലാകുന്നതിന് മുൻപേ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലെ വരികളാണിവ. ഇതിലൂടെ തന്റെ ഭാര്യയുടേത് ഒരു ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനായിരുന്നു യുവാവിന്റെ ശ്രമമെന്ന് സൂചന.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗ്രേറ്റർ നോയ്ഡയിലെ സിർസ ഗ്രാമത്തിൽ നിക്കി (28) തീപ്പൊള്ളലേറ്റ് മരിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ നിക്കിയെ ഭർത്താവ് വിപിൻ ഭട്ടിയും മറ്റു ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദിക്കുകയും പിന്നീട് തീകൊളുത്തി കൊല്ലുകയുമായിരുന്നെന്ന് അവരുടെ സഹോദരി കാഞ്ചൻ പോലീസിൽ പരാതി നൽകിയിരുന്നു. നിക്കിയെ വിപിനും മറ്റൊരു സ്ത്രീയും ചേർന്ന് ക്രൂരമായി മർദിക്കുന്നതിന്റെയും ദേഹമാസകലം പടർന്ന തീയുമായി കോണിപ്പടി ഇറങ്ങുന്നതിന്റെയും മറ്റും വീഡിയോകൾ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂടാതെ തന്റെ അമ്മയെ അപ്പ തീ കൊളുത്തികൊന്നുവെന്ന് ഇളയ മകൻ വിളിച്ചുപറയുന്നതും വീഡിയോയിൽ കാണാം.
ഭാര്യയെ തീ കൊളുത്തിയ കേസിൽ ശനിയാഴ്ചയാണ് ഭർത്താവ് വിപിനെ പോലീസ് അറസ്റ്റ് ചെയ്തത്. അതിനിടെയാണ് അറസ്റ്റിന് മണിക്കൂറുകൾക്ക് മുൻപ്, നിക്കിയുടേത് ആത്മഹത്യയെന്ന് സൂചിപ്പിക്കും വിധത്തിലുള്ള വിപിന്റെ ഇൻസ്റ്റഗ്രാം കുറിപ്പെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിപിൻ അഭിഭാഷകനാണെന്നാണ് ഇൻസ്റ്റഗ്രാം ബയോയിൽ പറഞ്ഞിട്ടുള്ളത്. ‘നീ പോയതിന് പിന്നാലെ വളരെ മോശം കാര്യങ്ങളാണ് തനിക്കു നേരെയുണ്ടാകുന്നതെ’ന്നും കുറിപ്പിൽ പറയുന്നു.
അതേസമയം നിക്കിയെയും മൂത്ത സഹോദരി കാഞ്ചനെയും ഒരേ കുടുംബത്തിലേക്കാണ് വിവാഹം കഴിപ്പിച്ച് അയച്ചിരുന്നത്. നിക്കിയുടെ ഭർത്താവ് വിപിന്റെ ജ്യേഷ്ഠനാണ് കാഞ്ചന്റെ ഭർത്താവ്. 2016-ലാണ് നിക്കിയുടെയും വിപിന്റെയും വിവാഹം നടന്നത്. വിവാഹം നടന്ന് ആറുമാസം കഴിഞ്ഞപ്പോഴേക്കും നിക്കിക്ക് ഭർതൃഗൃഹത്തിൽനിന്ന് സ്ത്രീധന പീഡനം നേരിടേണ്ടിവന്നിരുന്നെന്ന് കാഞ്ചൻ പരാതിയിൽ ആരോപിക്കുന്നു. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തിന് താനും നിക്കിയും ഇരകളായിരുന്നെന്നും അവർ പറഞ്ഞു. വ്യഴാഴ്ച രാത്രിയാണ് ഭർത്താവിന്റെ മാതാപിതാക്കൾ നിക്കിയെ മർദിച്ചതെന്നും കുഞ്ഞിന്റെ മുന്നിൽവെച്ചാണ് തീകൊളുത്തിയതെന്നും കാഞ്ചൻ പരാതിയിൽ പറയുന്നു.