ഒരു ദിവസം അടുക്കള സിങ്ക് അടഞ്ഞുപോയാൽ എന്തായിരിക്കും അവസ്ഥ? അന്നത്തെ ദിവസത്തെ മുഴുവൻ ജോലികളും അവതാളത്തിൽ ആകുമല്ലേ. അടുക്കള സിങ്ക് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് സിങ്ക്. പാത്രങ്ങളും പച്ചക്കറികളും കഴുകാനും വൃത്തിയാക്കാനുമെല്ലാം സിങ്ക് ഉപയോഗിക്കുന്നവരാണ് നമ്മൾ. ഒരു ദിവസം അടുക്കള സിങ്ക് അടഞ്ഞുപോയാൽ എന്തായിരിക്കും അവസ്ഥ? അന്നത്തെ ദിവസത്തെ മുഴുവൻ ജോലികളും അവതാളത്തിൽ ആകുമല്ലേ. അടുക്കള സിങ്ക് ഉപയോഗിക്കുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
മുട്ടത്തോട്
എളുപ്പത്തിൽ നശിച്ചുപോകുന്ന ഒന്നല്ല മുട്ടത്തോട്. അതിനാൽ തന്നെ അബദ്ധത്തിൽ ഇത് സിങ്കിൽ വീണാൽ ഡ്രെയിൻ അടഞ്ഞുപോകും. കൂടാതെ സിങ്കിലൂടെ എത്തുന്ന മറ്റ് മാലിന്യങ്ങളും ഇതിൽ തങ്ങി നിൽക്കുന്ന സാഹചര്യം ഉണ്ടാകും. ഇതുമൂലം വെള്ളം പോകാത്ത അവസ്ഥയും ഉണ്ടാകുന്നു.
നാരുള്ള പച്ചക്കറികൾ
നാരുള്ള പച്ചക്കറികളും തൊലിയും സിങ്കിൽ ഇടരുത്. ഇത് അവശിഷ്ടങ്ങൾ ഡ്രെയിനിൽ തങ്ങി നിൽക്കാൻ കാരണമാവുകയും വെള്ളം പോകാതാവുകയും ചെയ്യുന്നു. ഇതുമൂലം ദുർഗന്ധം ഉണ്ടാവാനും സാധ്യതയുണ്ട്.
കട്ടിയുള്ള ഭക്ഷണങ്ങൾ
മൈദാ, ഗോതമ്പ് തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ ഒരിക്കലും സിങ്കിൽ ഒഴിച്ച് കളയരുത്. ഇത് വെള്ളവുമായി ചേരുമ്പോൾ ഒട്ടിപ്പിടിക്കുന്ന രൂപത്തിലാകുന്നു. ഈ രീതിയിൽ ഡ്രെയിനിൽ തടഞ്ഞ് നിന്നാൽ മറ്റു മാലിന്യങ്ങളും സിങ്കിൽ തങ്ങി നിൽക്കുകയും വെള്ളം പോകാതാവുകയും ചെയ്യും.
എണ്ണയും ബട്ടറും
എണ്ണ ആയതുകൊണ്ട് എളുപ്പത്തിൽ സിങ്കിൽ ഒഴിച്ച് കളയാൻ സാധിക്കുമെന്ന് കരുതരുത്. ഇത് വെള്ളവുമായി ചേരുമ്പോൾ കട്ടിയാവാനും ഒട്ടുപിടിക്കാനും സാധ്യത കൂടുതലാണ്. അതിനാൽ തന്നെ എണ്ണ, ബട്ടർ തുടങ്ങിയ വസ്തുക്കൾ സിങ്കിൽ ഒഴിക്കുന്നത് ഒഴിവാക്കാം.
വേവിക്കാത്ത ഭക്ഷണങ്ങൾ
അരിപോലുള്ള ഭക്ഷണ സാധനങ്ങൾ ഒരിക്കലും സിങ്കിൽ ഒഴിക്കരുത്. ഇവ നനവേൽക്കുമ്പോൾ വീർക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പിന്നീട് ഡ്രെയിനിൽ അടിഞ്ഞുകൂടുകയും വെള്ളം പോകാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.