തൃശൂര്‍: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയൂട്ടിന് എത്തിച്ച ആനകൾ ഇടഞ്ഞ് പരസ്പരം കൊമ്പുകോർത്തു. കൊളക്കാടൻ കുട്ടിശങ്കരൻ എന്ന ആനയും അമ്പാടി മഹാദേവൻ എന്ന ആനയുമാണ് കൊമ്പുകോർത്തത്. ആനയൂട്ട് കഴിഞ്ഞ് മടങ്ങും വഴി കൊട്ടിലായ്ക്കാൽ ക്ഷേത്ര നടയിൽ തൊഴുന്നതിനിടെയാണ് സംഭവം.
കൊളക്കാടൻ കുട്ടിശങ്കരൻ, അമ്പാടി മഹാദേവൻ എന്ന ആനയെ കുത്താൻ ശ്രമിച്ചു. ഇതിനിടെ കൊളക്കാടൻ കുട്ടിശങ്കരൻ എന്ന ആനയുടെ പാപ്പാൻ ഷൈജുവിന് ആനപ്പുറത്ത് നിന്ന് താഴെ വീണ് തോളിന് പരിക്കേറ്റു. രണ്ട് ആനകളെയും പാപ്പാന്മാർ തളച്ചു. മറ്റ് ആനകളെ തിരക്കിട്ട് പാപ്പാന്മാർ സ്ഥലത്ത് നിന്ന് മാറ്റി.
പതിനൊന്ന് ആനകളെയാണ് ആനയൂട്ടിനായി സ്ഥലത്ത് എത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് ജനം പരിഭ്രാന്തരായി കിട്ടിയ വഴിയേ ഓടി രക്ഷപ്പെട്ടു. ഇതേ തുടർന്ന് സമീപത്തെ താത്കാലിക കടകളിലും നാശനഷ്ടങ്ങൾ സംഭവിച്ചു. സോഷ്യൽ ഫോറസ്ട്രി ഉദ്യാഗസ്ഥർ സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. കൊമ്പുകോർത്ത രണ്ട് ആനകളുടെയും രേഖകളെല്ലാം പരിശോധിച്ച് ഉറപ്പു വരുത്തിയതാണെന്നു ഉദ്യോഗസ്ഥർ പറയുന്നു. അമ്പാടി മഹാദേവനെ ആദ്യം കുത്തിയ കൊളക്കാടൻ കുട്ടിശങ്കരൻ എന്ന ആനക്ക് 15 ദിവസത്തെ വകുപ്പുതല നിരോധനം ഏർപ്പെടുത്തിയതായി ചാലക്കുടി സോഷ്യൽ ഫോറസ്റ്റ് ഓഫീസർ സൗമ്യ സി എസ് അറിയിച്ചു. അന്വേഷണത്തിനും പരിശോധനയ്ക്കും ശേഷം മാത്രമേ നിരോധനം മാറ്റുകയുള്ളൂവെന്നും അവർ വ്യക്തമാക്കി.