ന്യൂഡൽഹി: ബിഹാറിൽ സമഗ്രവോട്ടർ പട്ടിക പരിഷ്കാരം (എസ്ഐആർ) സംബന്ധിച്ച് ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷന് ഒരുപോലെയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘‘ഇന്ത്യൻ ഭരണഘടന അനുസരിച്ച്, 18 വയസ് തികഞ്ഞ ഓരോ ഇന്ത്യൻ പൗരനും വോട്ടർമാരാകുകയും വോട്ട് ചെയ്യുകയും വേണം.
നിയമപ്രകാരം, എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനിൽ റജിസ്റ്റർ ചെയ്യുന്നതിലൂടെയാണ് ജനിക്കുന്നത്. പിന്നെ എങ്ങനെയാണ് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ തിരഞ്ഞെടുപ്പ് കമ്മിഷന് വിവേചനം കാണിക്കാൻ കഴിയുക? എന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെ സംബന്ധിച്ചിടത്തോളം എല്ലാവരും തുല്യരാണ്. ഏതു രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരായാലും, തിരഞ്ഞെടുപ്പ് കമ്മിഷൻ അതിന്റെ ഭരണഘടനാപരമായ കടമയിൽ നിന്ന് പിന്മാറില്ല.’’– മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷനു വിവേചനമില്ല, വാതിലുകൾ എല്ലാവർക്കും ഒരുപോലെ തുറന്നിരിക്കും. താഴെത്തട്ടിൽ, എല്ലാ വോട്ടർമാരും, എല്ലാ രാഷ്ട്രീയ പാർട്ടികളും, എല്ലാ ബൂത്ത് ലെവൽ ഓഫിസർമാരും സുതാര്യമായ രീതിയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ പ്രസിഡന്റുമാരുടെയും അവർ നാമനിർദേശം ചെയ്ത ബിഎൽഒമാരുടെയും സാക്ഷ്യപത്രങ്ങൾ സ്വന്തം പാർട്ടികളിലെ സംസ്ഥാന നേതാക്കളിലോ ദേശീയ നേതാക്കളിലോ എത്തുന്നില്ല. യാഥാർഥ്യത്തെ അവഗണിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്നത് ആശങ്കാജനകമാണ്. ബിഹാറിലെ എസ്‌ഐആറിനെ പൂർണ വിജയമാക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. ബിഹാറിലെ ഏഴു കോടിയിലധികം വോട്ടർമാർ തിരഞ്ഞെടുപ്പ് കമ്മിഷനൊപ്പം നിൽക്കുമ്പോൾ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെക്കുറിച്ചോ വോട്ടർമാരുടെ വിശ്വാസ്യതയെക്കുറിച്ചോ ഒരു ചോദ്യചിഹ്നവും ഉയർത്താൻ സാധിക്കില്ല’’– മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
അതുപോലെ വോട്ടർ പട്ടികയിലെ എല്ലാ പോരായ്മകളും ഇല്ലാതാക്കാൻ വേണ്ടിയാണ് ബിഹാറിൽ എസ്ഐആർ നടപ്പാക്കിയതെന്നും കമ്മിഷൻ പറഞ്ഞു. 1.6 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാർ (ബിഎൽഎ) ചേർന്നാണ് കരട് പട്ടിക തയാറാക്കിയത്. ഈ കരട് പട്ടിക തയാറാക്കുമ്പോൾ, എല്ലാ ബൂത്തിലും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ബൂത്ത് ലെവൽ ഏജന്റുമാർ അത് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു. ആകെ 28,370 അവകാശവാദങ്ങളും എതിർപ്പുകളും വോട്ടർമാർ സമർപ്പിച്ചു.
അതേസമയം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണത്തെയും തിരഞ്ഞെടുപ്പ് കമ്മിഷൻ വിമർശിച്ചു. ‘‘കുറച്ച് ദിവസങ്ങൾക്ക് മുൻപ് നിരവധി വോട്ടർമാരുടെ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചതായി നമ്മൾ കണ്ടു. അവ ഉപയോഗിച്ച് പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിച്ചു. അമ്മമാർ, മരുമക്കൾ, പെൺമക്കൾ എന്നിവരുൾപ്പെടെ ഏതെങ്കിലും വോട്ടറുടെ സിസിടിവി വീഡിയോകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പങ്കുവയ്ക്കണമെന്നാണോ പറയുന്നത്? വോട്ടർ പട്ടികയിൽ പേരുള്ളവർ മാത്രമേ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തിട്ടുള്ളൂ. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ, ഒരു കോടിയിലധികം ജീവനക്കാർ, 10 ലക്ഷത്തിലധികം ബൂത്ത് ലെവൽ ഏജന്റുമാർ, 20 ലക്ഷത്തിലധികം സ്ഥാനാർഥികളുടെ പോളിങ് ഏജന്റുമാർ എന്നിവർ പ്രവർത്തിക്കുന്നു. ഇത്രയധികം ആളുകളുടെ മുന്നിൽ ഇത്രയും സുതാര്യമായ ഒരു പ്രക്രിയയിൽ, ഏതെങ്കിലും വോട്ടർക്ക് വോട്ട് മോഷ്ടിക്കാൻ കഴിയുമോയെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ചോദിച്ചു.
അതുപോലെ ചില വോട്ടർമാർക്കെതിരെ ഇരട്ട വോട്ട് ആരോപണം ഉന്നയിച്ചു. തെളിവ് ചോദിച്ചപ്പോൾ മറുപടി ലഭിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മിഷനോ മറ്റു വോട്ടർമാരോ ഇത്തരം വ്യാജ ആരോപണങ്ങളെ ഭയപ്പെടുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തോളിൽ തോക്കു വച്ചിട്ട് ഇന്ത്യയിലെ വോട്ടർമാരെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയം നടക്കുമ്പോൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ അവർക്കൊപ്പം പാറപോലെ ഉറച്ചുനിൽക്കും. ദരിദ്രർ, ധനികർ, വയോധികർ, സ്ത്രീകൾ, യുവാക്കൾ എന്നിവരുൾപ്പെടെ എല്ലാ വിഭാഗങ്ങളിലെയും എല്ലാ മതങ്ങളിലെയും എല്ലാ വോട്ടർമാരുമായും തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുപോലെ നോക്കിക്കാണും- കമ്മിഷൻ പറഞ്ഞു.
കൂടാതെ റിട്ടേണിങ് ഓഫിസർ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷവും 45 ദിവസത്തിനുള്ളിൽ രാഷ്ട്രീയ പാർട്ടികൾക്ക് സുപ്രീം കോടതിയിൽ പോയി തിരഞ്ഞെടുപ്പിനെതിരെ ഹർജി ഫയൽ ചെയ്യാമെന്ന് നിയമത്തിൽ വ്യവസ്ഥയുണ്ട്. ഈ 45 ദിവസത്തെ കാലയളവിനുശേഷം അത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല. അത് കേരളത്തിലായാലും, കർണാടകയിലായാലും, ബിഹാറിലായാലും, തിരഞ്ഞെടുപ്പിനു ശേഷം ഇത്രയും നാളുകൾക്കു ശേഷം ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം വോട്ടർമാരും രാജ്യത്തെ ജനങ്ങളും മനസിലാക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു.