ന്യൂയോർക്ക്: റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്കുമേൽ അമേരിക്ക ചുമത്താൻ ഉദ്ദേശിച്ച സെക്കൻഡറി താരിഫ് ഒഴിവാക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള നിർണായക ഉച്ചകോടിക്കായി അലാസ്‌കയിലേക്ക് പോകുന്നതിനിടെ എയർഫോഴ്സ് വണ്ണിൽ വെച്ച് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് ഈ പരാമർശം നടത്തിയത്. എന്നാൽ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് നിർത്തിയതായി ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ യുഎസ് പിഴ ചുമത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ റഷ്യയ്ക്ക് അവരുടെ എണ്ണ ഉപഭോക്താക്കളിലൊരാളായ ഇന്ത്യയെ നഷ്ടപ്പെട്ടു എന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ, റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്ക് മേൽ അത്തരം സെക്കൻഡറി താരിഫുകൾ ചുമത്തണമെന്നില്ല എന്നാണ് വിചാരിക്കുന്നത് എന്നാണ് ട്രംപ് പറഞ്ഞത്. അതേസമയം ഓഗസ്റ്റ് 27-നാണ് യുഎസ് പ്രഖ്യാപിച്ച അധിക ഡ്യൂട്ടി പ്രാബല്യത്തിൽ വരുന്നത്.
റഷ്യയിൽ നിന്നു എണ്ണ വാങ്ങുന്നതു നിർത്തിയില്ലെങ്കിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ 25% താരിഫ് ചുമത്തിയതിന് പുറമെ 25% അധിക ഡ്യൂട്ടി കൂടി ഏർപ്പെടുത്തുമെന്ന് യുഎസ് ഭീഷണിപ്പെടുത്തിയിരുന്നു. യുക്രൈയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ റഷ്യക്കുമേൽ ഉപരോധവും, റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ സെക്കൻഡറി ഉപരോധവും ഏർപ്പെടുത്തുമെന്നായിരുന്നു യുഎസിന്റെ ഭീഷണി. റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ രണ്ട് ഉപഭോക്താക്കൾ ചൈനയും ഇന്ത്യയുമാണ്.
‘ ഇതിനിടെ പുടിന്, അവരുടെ ഒരു എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെട്ടു, അതായത് ഇന്ത്യയെ. റഷ്യയുടെ എണ്ണയുൽ ഏകദേശം 40% വാങ്ങിയിരുന്നത് അവരായിരുന്നു. നിങ്ങൾക്കറിയാമല്ലോ, ചൈന ഒരുപാട് വാങ്ങുന്നുണ്ട്… ഞാൻ, സെക്കൻഡറി താരിഫ് എന്ന് വിളിക്കുന്ന ഒന്ന് ഏർപ്പെടുത്തിയാൽ, അത് റഷ്യയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ വളരെ വിനാശകരമായിരിക്കും. എനിക്കത് ചെയ്യേണ്ടി വന്നാൽ, ഞാൻ ചെയ്യും. ചിലപ്പോൾ എനിക്കത് ചെയ്യേണ്ടി വരില്ല,’ റഷ്യൻ പ്രസിഡന്റുമായുള്ള നിർണായക കൂടിക്കാഴ്ചയ്ക്കായി അലാസ്‌കയിലേക്ക് പോകും മുൻപ് ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞതാണ് ഇക്കാര്യങ്ങൾ.
ഈ മാസം ആറിനാണ് ഇന്ത്യ തുടർച്ചയായി റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ 25% അധിക ഡ്യൂട്ടി ചുമത്തുകയും പിന്നീട് അത് 50% ആക്കി ഇരട്ടിപ്പിക്കുകയും ചെയ്തിരുന്നു ട്രംപ്. ടെക്‌സ്‌റ്റൈൽസ്, സമുദ്രോത്പന്നങ്ങൾ, തുകൽ കയറ്റുമതി തുടങ്ങിയ മേഖലകളെ സാരമായി ബാധിക്കാൻ സാധ്യതയുള്ള ഈ നീക്കത്തെ അന്യായവും, നീതിരഹിതവും, യുക്തിരഹിതവും എന്നാണ് ഇന്ത്യ അപലപിച്ചത്. സാമ്പത്തിക സമ്മർദത്തിന് വഴങ്ങി ഇന്ത്യ പിന്നോട്ട് പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.