പത്തനംതിട്ട: നാറാണമൂഴിയിൽ അധ്യാപികയുടെ ശമ്പള കുടിശിക വൈകിയതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒടുവിൽ ഇരയ്ക്കു നീതി. അധ്യാപികയുടെ 12 വർഷത്തെ ശമ്പള കുടിശികയുടെ പകുതി അക്കൗണ്ടിലെത്തി. കുടിശിക ലഭിക്കാതെ ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ കയറി മടുത്താണ് അധ്യാപികയുടെ ഭർത്താവ് ഷിജോ 3നാണ് ആത്മഹത്യ ചെയ്തത്. ഹൈക്കോടതി ഉത്തരവ് വന്ന് എട്ടുമാസം കഴിഞ്ഞിട്ടും നടപടിക്രമങ്ങൾ വൈകിയിരുന്നു.
അതേസമയം തിങ്കളാഴ്ചയാണ് അക്കൗണ്ടിൽ പകുതി കുടിശിക എത്തിയത് എന്നാണ് വിവരം. ബാക്കി തുക പിഎഫ് അക്കൗണ്ടിലെത്തും. സംഭവത്തിൽ ഡിഇ ഓഫിസിലെ മൂന്നു ഉദ്യോഗസ്ഥർ സസ്പെൻഷനിലാണ്. വകുപ്പുതല അന്വേഷണം പൂർത്തിയാകുമ്പോൾ പിരിച്ചുവിടൽ നടപടി ഉണ്ടാകുമെന്നാണ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചത്. ശമ്പള കുടിശിക കിട്ടാതെ വന്നതോടെ മകന്റെ എൻജിനീയറിങ് പ്രവേശനത്തിനു അടയ്ക്കാൻ പണം ഇല്ലാതെയായിരുന്നു. ഇതാണ് ഷിജോയെ ആത്മഹത്യയിലേക്ക് നയിച്ചത്. വീടിനു സമീപമായിരുന്നു കൃഷിവകുപ്പിലെ ഫീൽഡ് സ്റ്റാഫ് ആയിരുന്ന ഷിജോയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.