ബ്രാംപ്ടൺ: കാനഡയിൽ തടാകത്തിൽ പരസ്പരം സോപ്പ് തേച്ച് കുളിക്കുന്ന രണ്ട് കപ്പിൾസിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ബ്രാംപ്ടണിലെ ഒരു തടാകത്തിൽ നിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തടാകം മലിനപ്പെടുത്തിയുള്ള ദമ്പതിമാരുടെ കുളിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. അതേസമയം വീഡിയോയിലുള്ളത് ഇന്ത്യക്കാരാകാമെന്ന് ചിലർ കമന്‍റ് ചെയ്തു. ഇതിനെതിരെയും വലിയ വിമർശനം ഉയർന്നിട്ടുണ്ട്. വംശീയ പരാമർശം നടത്തരുതെന്നും വിഷയത്തിലൂന്നി പ്രതികരിക്കണണെന്നുമാണ് ഉയരുന്ന പ്രതികരണങ്ങൾ.
കാനഡയുടെ ബീച്ചുകൾ വിദേശികളുടെ കുളിമുറികളായി മാറുകയാണ്. മൂന്നാം കിട രാജ്യത്തിലേക്ക് കാനഡ തരം താഴ്ന്നുകൊണ്ടിരിക്കുകയാണ് എന്നുമാണ് വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കിട്ട വ്യക്തി കുറിച്ചത്. വീഡിയോയിൽ, രണ്ട് ദമ്പതികൾ വെള്ളത്തിൽ സോപ്പും ഷാംപൂവും അടക്കം ഉപയോഗിച്ച് കുളിക്കുന്നതാണ് കാണുന്നത്. തടാകത്തിലെ മത്സ്യങ്ങളുടേയും സമുദ്രത്തിലെ മറ്റ് ജീവികളുടേയും ജീവന് ദോഷകരമായി ബാധിക്കുന്നതാണ് ദമ്പതിമാരുടെ പ്രവൃത്തി. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും, പൊലീസ് കേസെടുക്കണമെന്നും ചിലർ വീഡിയോക്ക് കമന്‍റ് ചെയ്തു.
ബീച്ചിൽ സോപ്പും ഷാംപൂവും ഉപയോഗിച്ച് കുളിക്കുന്നത് പരിസ്ഥിതിക്ക് ഹാനികരമാണ്. തടാകത്തിന്‍റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം പ്രവർത്തികൾ ആവർത്തിക്കാൻ പാടില്ലെന്നാണ് കമന്‍റുകൾ. അതിനിടെ തടാകത്തിൽ കുളിക്കുന്നത് ഇന്ത്യക്കാരാണെന്നാണ് ചിലരുടെ കമന്‍റ്. എന്നാൽ കുളിക്കുന്നവരുടെ നിറം നോക്കി അത് ഇന്ത്യക്കാരാണെന്ന് പറഞ്ഞത് വംശീയതയാണെന്ന് വിമർശനമുയർന്നിട്ടുണ്ട്.