തിരുവനന്തപുരം: തന്നെ കുടുക്കാനും പിന്നിൽനിന്ന് കുത്താനും കൂടെ പഠിച്ചവരും അറിയുന്നവരുമായ ചില സഹപ്രവർത്തകർ ശ്രമിച്ചെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്. ഹാരിസ്. കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) വാട്സാപ് ഗ്രൂപ്പിലാണ് ഹാരിസ് സഹപ്രവർത്തകർക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട് മാധ്യമങ്ങൾക്ക് മുന്നിലും ഹാരിസ് ഈ ആരോപണം തന്നെ ആവർത്തിച്ചു.
മരണത്തിലേക്ക് എത്തിക്കാൻ ചില സഹപ്രവർത്തകർ ശ്രമിച്ചെന്നും കാലം അവർക്കു മാപ്പു നൽകട്ടേയെന്നുമാണ് വാടാസാപ് ഗ്രൂപ്പിലെ സന്ദേശത്തിൽ ഹാരിസ് പറഞ്ഞത്. പിന്നാലെ, ചിലരെ ഗ്രൂപ്പിൽനിന്ന് മാറ്റാൻ കെജിഎംസിടിഎ ഭാരവാഹികൾ തീരുമാനിച്ചു. 30 വർഷത്തിൽ അധികമായി കാണുന്നവരും ഒപ്പം പഠിച്ചവരും, ജോലി ചെയ്തവരുമാണ് ഉപദ്രവിച്ചതെന്നും അവർ പിന്നിൽനിന്ന് കുത്തുമെന്ന് കരുതിയില്ലെന്നും ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.
മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പലും തന്റെ കാര്യം വിശദീകരിക്കാൻ വാർത്താ സമ്മേളനം നടത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. കാണാതായ ഉപകരണം കണ്ടെത്തിയെന്നും ഒരു കുഴപ്പവുമില്ല എന്നുമാണ് അവർ തന്നോടു പറഞ്ഞത്. പിന്നീടായിരുന്നു ട്വിസ്റ്റ്.
തന്റെ വിശദീകരണം ചോദിക്കാതെയാണ് അവർ വാർത്താ സമ്മേളനം വിളിച്ചത്. പരിചയമില്ലാത്ത ഉപകരണം മുറിയിൽ കണ്ടെങ്കിൽ അവർക്ക് തന്നോടു ചോദിക്കാമായിരുന്നു. താൻ മെഡിക്കൽ കോളേജിൽ തന്നെ ഉണ്ടായിരുന്നു. വിളിച്ചിരുന്നെങ്കിൽ പോയി വിശദീകരണം കൊടുക്കുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് തന്നോടു ചോദിച്ചില്ല. വകുപ്പ് മുന്നോട്ടു കൊണ്ടുപോകാൻ എല്ലാവരുടെയും സഹായം വേണമെന്ന് ഡോ.ഹാരിസ് പറഞ്ഞു.
ഉപകരണത്തിനും മറ്റു സൗകര്യത്തിനും സൂപ്രണ്ടിന്റെയും പ്രിൻസിപ്പലിന്റെയും സഹകരണം ആവശ്യമാണ്. താൻ ജോലിക്കാരൻ മാത്രമാണ്. വിവിധ വിഭാഗത്തിലെ ഡോക്ടർമാർ ഒത്തുചേർന്നാണ് ഒരു രോഗിയെ രക്ഷിക്കുന്നത്. ശത്രുപക്ഷത്തുനിന്നുകൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ല. ഒരാൾ മാറിനിന്നാൽ പ്രവർത്തനം സുഗമമായി നടക്കില്ല. മേലധികാരികളുമായി സഹകരിച്ച് പോകണമെന്നാണ് ആഗ്രഹം. തന്നോട് പ്രതികാര നടപടി ഉണ്ടായിട്ടില്ല. എല്ലാവരും വിളിച്ച് കാര്യങ്ങൾ ചോദിച്ചു. സഹായങ്ങൾ വാഗ്ദാനം ചെയ്തു. മന്ത്രി സമാധാനിപ്പിച്ചു. സന്തോഷമായാണ് പിരിഞ്ഞതെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.